സത്യപ്രതിജ്ഞയ്ക്ക് എത്തി, പക്ഷേ കയ്യിൽ സർട്ടിഫിക്കറ്റില്ല മന്ത്രി കീർത്തനയെ തടഞ്ഞ് ഉദ്യോഗസ്ഥർ, സഭയിൽ നാടകീയ രംഗങ്ങൾ
തമിഴ്‌നാട് നിയമസഭയിൽ സത്യപ്രതിജ്ഞയ്‌ക്കെത്തിയ മന്ത്രി എസ്. കീർത്തനയെ സർട്ടിഫിക്കറ്റില്ലാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ തടഞ്ഞു. പിന്നീട് വൈകിട്ടോടെ രേഖകൾ ഹാജരാക്കിയാണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്.
തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ; സർട്ടിഫിക്കറ്റില്ലാതെ സത്യപ്രതിജ്ഞയ്‌ക്കെത്തി മന്ത്രി കീർത്തന, തടഞ്ഞ് ഉദ്യോഗസ്ഥർ
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. സി ജോസഫ് വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞാ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ സത്യവാചകം ചൊല്ലാനായില്ല. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞയ്ക്കായി കീർത്തനയെ ക്ഷണിച്ചപ്പോഴാണ് സംഭവം. പോഡിയത്തിനരികിലെത്തിയ കീർത്തനയോട് പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ തിരഞ്ഞെടുപ്പ് വിജയ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. വരണാധികാരി നൽകുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' കൈവശമില്ലെന്ന് കീർത്തന വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞ തടയുകയായിരുന്നു. തുടർന്ന് വേദിയിൽ വെച്ച് പ്രിൻസിപ്പൽ സെക്രട്ടറിയുമായി സംസാരിച്ച ശേഷം കീർത്തന മടങ്ങി.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഔദ്യോഗിക രേഖ ഹാജരാക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്ന കർശന നിലപാടിലായിരുന്നു അധികൃതർ. എന്നാൽ വൈകുന്നേരത്തോടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കീർത്തന, എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
.