കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കും മുഖ്യമന്ത്രി വി.ഡി. സതീശനും യു.എസ് സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി
വിഭ്യാഭ്യാസം, ടൂറിസം, നിക്ഷേപം, തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനും യു.എസ് സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.
കേരളവും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും; മുഖ്യമന്ത്രിയും യു.എസ് സ്ഥാനപതിയും കൂടിക്കാഴ്ച നടത്തി
കൊച്ചി: കേരളവും അമേരിക്കയും തമ്മിൽ വിവിധ മേഖലകളിലെ പരസ്പര സഹകരണം ശക്തമാക്കുന്നതിനായി മുഖ്യമന്ത്രി വി. ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, സാമ്പത്തിക നിക്ഷേപം, തീരദേശ-തുറമുഖ വികസനം എന്നിവയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുവരും വിശദമായി ചർച്ച ചെയ്തു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വിദ്യാഭ്യാസ-ഗവേഷണ പങ്കാളിത്തം
കേരളത്തിലെയും അമേരിക്കയിലെയും സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർത്ഥി കൈമാറ്റം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ പങ്കാളികളാകാനുള്ള സാധ്യതകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാംസ്കാരിക മേഖലയിലും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ചർച്ചയായി.
'സിസ്റ്റർ സിറ്റീസ്' മാതൃകയും ആയുർവേദ ടൂറിസവും
തന്റെ ആദ്യ കേരള സന്ദർശനമാണിതെന്ന് വ്യക്തമാക്കിയ യു.എസ് സ്ഥാനപതി സെർജിയോ ഗോർ, സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യത്തെയും സാംസ്കാരിക പാരമ്പര്യത്തെയും പ്രകീർത്തിച്ചു. ആരോഗ്യക്ഷേമം, ആയുർവേദ ടൂറിസം എന്നിവ മുൻനിർത്തി കൂടുതൽ അമേരിക്കൻ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോർത്തിണക്കി 'സിസ്റ്റർ സിറ്റീസ്' (Sister Cities) മാതൃകയിലുള്ള പങ്കാളിത്തം പരിശോധിക്കാമെന്നും യു.എസ് സ്ഥാനപതി കൂട്ടിച്ചേർത്തു.
തുറമുഖ വികസനവും നിക്ഷേപ സാധ്യതകളും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവ കേന്ദ്രീകരിച്ച് മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ് എന്നിവയിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും വാണിജ്യബന്ധം ശക്തമാക്കുന്നതിനും യു.എസ് സ്ഥാനപതി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
അമേരിക്കയിൽ 'ഇൻവെസ്റ്റ് ഡെസ്‌ക്'
യു.എസിലെ പ്രവാസി മലയാളികൾക്കും മറ്റ് നിക്ഷേപകർക്കും കേരളത്തിലെ അവസരങ്ങൾ മനസ്സിലാക്കുന്നതിനും നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനുമായി അമേരിക്കയിൽ ഒരു 'ഇൻവെസ്റ്റ് ഡെസ്‌ക്' ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അമേരിക്കയിലെ മലയാളി സമൂഹവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെകട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽകർ, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്. കെ. ഉമേഷ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.