മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം
എറണാകുളം മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 15 ാം ധനകാര്യ കമ്മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു.
വാളകം ഗ്രാമപഞ്ചായത്തിൽ 15-ാം ധനകാര്യ കമ്മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു.
മൂവാറ്റുപുഴ: പ്രാഥമിക ആരോഗ്യപരിരക്ഷ കൂടുതൽ ജനകീയവും സുലഭവുമാക്കാൻ വാളകം ഗ്രാമപഞ്ചായത്തിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം ഒരുങ്ങുന്നു. വീടുകളിലേക്ക് ആരോഗ്യസേവനങ്ങൾ എത്തിക്കുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന 'ആർദ്രം മിഷന്റെ' ലക്ഷ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രം പ്രദേശത്തെ ആരോഗ്യമേഖലയ്ക്ക് പുതിയ കരുത്താകും.
15-ാം ധനകാര്യ കമ്മിഷന്റെ 55.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. വാളകം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഉപകേന്ദ്രത്തിന്റെ കെട്ടിടത്തിന് 40 വർഷത്തോളം പഴക്കമുണ്ടായിരുന്നു. ഇതിന് 'അൺഫിറ്റ്' സർട്ടിഫിക്കറ്റ് ലഭിച്ചതിനെത്തുടർന്നാണ് പുതിയ ജനകീയ ആരോഗ്യകേന്ദ്രം നിർമിക്കാൻ തീരുമാനിച്ചത്.
ഗർഭിണികൾ, നവജാത ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, വയോജനങ്ങൾ എന്നിവർക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന ആരോഗ്യസേവനങ്ങളാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. മാതൃ-ശിശു സംരക്ഷണം, കുടുംബാസൂത്രണം, പ്രത്യുത്പാദന ആരോഗ്യപരിരക്ഷ, പകര്ച്ചവ്യാധി നിയന്ത്രണം, സാധാരണ അസുഖങ്ങൾക്കുള്ള പരിചരണം, പ്രഥമശുശ്രൂഷ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജീവിതശൈലീരോഗങ്ങൾ, അർബുദം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും സേവനങ്ങളുടെ ഭാഗമാണ്. ദേശീയ ആരോഗ്യപരിപാടികളുടെ നടത്തിപ്പ്, വയോജനങ്ങൾക്കുള്ള സാന്ത്വനപരിചരണം, അടിയന്തര വൈദ്യസഹായം, ആവശ്യമായ തുടർചികിത്സയ്ക്കുള്ള റഫറൽ സംവിധാനങ്ങൾ എന്നിവയിലൂടെ പ്രാഥമികതലത്തിൽത്തന്നെ കൃത്യമായ പരിചരണം ഉറപ്പാക്കുന്നു. ആഴ്ചയിൽ ആറുദിവസവും വിവിധ ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന രീതിയിലാണ് സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
അടിസ്ഥാന ആരോഗ്യസേവനങ്ങൾ സ്വന്തം പ്രദേശത്തുതന്നെ ലഭ്യമാക്കുക, രോഗങ്ങൾ അടിയന്തര ഘട്ടത്തിലേക്ക് എത്തുന്നതിനു മുൻപ് കണ്ടെത്തുക, ചികിത്സയ്ക്കായി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ വാളകത്തെ പ്രാഥമിക ആരോഗ്യപരിരക്ഷാ സംവിധാനം കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാകും.
ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ നിർമമ്മാണോദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജിത സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിൽ, ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്ഥിരംസമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു