വാഴക്കുളം കഞ്ചാവ് കേസ്: മുഖ്യപ്രതി അസ്‌ലം ഷേക്ക് വെസ്റ്റ് ബംഗാളിൽ പിടിയിൽ
വാഴക്കുളത്ത് വാടകവീട്ടിൽനിന്ന് 51 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി അസ്‌ലം ഷേക്കിനെ വെസ്റ്റ് ബംഗാളിൽ നിന്ന് തടിയറ്റപറമ്പ് പോലീസ് സാഹസികമായി പിടികൂടി.
വാഴക്കുളം കഞ്ചാവ് കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ബംഗാളിൽ പിടിയിൽ; സാഹസികമായി കീഴടക്കി പോലീസ്
വാഴക്കുളം: വാഴക്കുളത്തെ വാടകവീട്ടിൽനിന്ന് 51 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതികളിൽ ഒരാൾ പോലീസിന്റെ വലയിലായി. വെസ്റ്റ് ബംഗാൾ ജലങ്കി സ്വദേശി അസ്‌ലം ഷേക്ക് (31) ആണ് 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി വെസ്റ്റ് ബംഗാളിലെ മുർഷിദാബാദിൽനിന്ന് അറസ്റ്റിലായത്.
പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലും ലഹരിമരുന്ന് എത്തിച്ചിരുന്ന പ്രധാന കണ്ണികളിലൊരാളാണ് അസ്‌ലം. 15 വർഷത്തോളമായി പോഞ്ഞാശ്ശേരി ചെമ്പറക്കി ഭാഗത്ത് താമസിച്ചുവരികയായിരുന്ന ഇയാൾ, വെസ്റ്റ് ബംഗാളിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു. കഞ്ചാവ് സൂക്ഷിച്ചിരുന്ന വാഴക്കുളത്തെ വീട് വാടകയ്‌ക്കെടുത്തതും ഇയാളാണ്. ലഹരിമരുന്ന് സംഘടിപ്പിക്കൽ, ട്രെയിൻ മാർഗം കടത്തൽ, വിതരണം എന്നിവ വ്യത്യസ്ത ഗ്രൂപ്പുകളായാണ് ഇവർ നടത്തിയിരുന്നത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ബംഗാൾ മുർഷിദാബാദിലെ ജലങ്ങി പോലീസ് സ്റ്റേഷൻ പരിധിയിലെ 'ഹുക്കാറ' എന്ന വിദൂര ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കാത്ത ഈ പ്രദേശത്ത് പോലീസ് സംഘം വേഷംമാറി താമസിച്ചാണ് അസ്‌ലമിനെ കണ്ടെത്തിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെടാൻ നോക്കിയ പ്രതിയെ പോലീസ് സാഹസികമായി പിന്തുടർന്ന് വളഞ്ഞുപിടിക്കുകയായിരുന്നു.
ഇൻസ്പെക്ടർ അരുൺകുമാർ, സബ് ഇൻസ്പെക്ടർ കെ.എ. നൗഷാദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സാനി തോമസ്, സീനിയർ സി.പി.ഒ. കെ.എസ്. അനൂപ്, സി.പി.ഒ.മാരായ റോബിൻ ജോയ്, പി.ആർ. മിഥുൻ, മുഹമ്മദ് നൗഫൽ എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
