തൊഴിൽരംഗത്തെ മാറ്റങ്ങൾ നേരിടാൻ സർക്കാർ പൂർണ്ണ സജ്ജം മുഖ്യമന്ത്രി വി.ഡി. സതീശൻ
ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ നവിഖ് ടെക്നോളജി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. തൊഴിൽ രംഗത്തെ മാറ്റങ്ങൾ നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമെന്ന് മുഖ്യമന്ത്രി.
കേരളത്തിൽ തൊഴിൽരംഗത്തെ മാറ്റങ്ങൾ നേരിടാൻ സർക്കാർ പൂർണ്ണ സജ്ജം: മുഖ്യമന്ത്രി വി.ഡി. സതീശൻ
എറണാകുളം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സർക്കാർ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ ട്രാവൽ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംരംഭമായ 'നവിഖ് ടെക്നോളജി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽരംഗത്തെ മാറ്റങ്ങൾ നിരീക്ഷിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി 'ഗ്ലോബൽ ജോബ് വാച്ച് ടവർ' ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിച്ച് ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ വിലയിരുത്താനും, അതിനനുസരിച്ച് പുതിയ കോഴ്സുകൾ ആരംഭിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഭരണനിർവഹണത്തിലും എ.ഐ സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ ആദ്യപടിയായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എ.ഐ ഡാഷ്‌ബോർഡും നോഡൽ ഓഫീസറെയും നിയമിക്കും. നിക്ഷേപകർക്ക് ആവശ്യമായ അനുമതികൾ തടസ്സമില്ലാതെ ലഭിക്കുന്നുണ്ടോ എന്ന് ഇതുവഴി തത്സമയം നിരീക്ഷിക്കാൻ സാധിക്കും. കൂടാതെ, വന്യജീവി ആക്രമണങ്ങൾ തടയാൻ എ.ഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. പുതിയകാല തൊഴിലവസരങ്ങൾക്കനുസൃതമായി ആവശ്യമായ നിയമനിർമാണങ്ങളും മാറ്റങ്ങളും കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ 'നവിഖ് ടെക്നോളജി'യുടെ ലോഗോയും പ്രകാശനം ചെയ്തു. ഐ.ടി സെക്രട്ടറി എസ്. സാംബശിവ റാവു, ഐ.ബി.എസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ഐ.ബി.എസ് സോഫ്റ്റ്‌വെയർ സി.ഇ.ഒ സുമിത് ഗോയൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.