സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക സർക്കാരിന്റെ പ്രധാന ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ
സംസ്ഥാനത്തെ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സ്വയംപര്യാപ്തരാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ‘സമഗ്ര – 2026’ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക സർക്കാരിന്റെ പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി വി. ഡി. സതീശൻ
കൊച്ചി: സംസ്ഥാനത്തെ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സാമ്പത്തികമായും സാമൂഹികമായും സ്വയംപര്യാപ്തരാക്കുക എന്നതാണ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എറണാകുളം പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള ‘സമഗ്ര – 2026’ വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളുടെ പ്രാഥമികവും അന്തിമവുമായ ഇരകൾ സ്ത്രീകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടുംബശ്രീ അടക്കമുള്ള ഏജൻസികളെ ഏകോപിപ്പിച്ച് സ്ത്രീകൾക്ക് വായ്പകൾക്ക് പുറമെ കൃത്യമായ നൈപുണ്യ പരിശീലനവും വിപണന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ പുരോഗതി ജനങ്ങൾക്ക് സുതാര്യമായി വിലയിരുത്തുന്നതിനായി ഇന്ത്യയിൽ ആദ്യമായി ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ടെന്നും ഇതിലൂടെ തത്സമയ വിവരങ്ങൾ ലഭ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കുന്ന തരത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ എം.എസ്.എം.ഇ രജിസ്ട്രേഷനുള്ള വനിതാ സംരംഭകർക്കായി പ്രത്യേക പലിശരഹിത വായ്പ, പ്രിയദർശിനി സ്വയം തൊഴിൽ വായ്പ, സീനിയർ സെക്യൂർ വായ്പ പദ്ധതി, 15,000-ത്തോളം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പാ ധനസഹായ വിതരണം എന്നിവയ്ക്ക് പുറമെ സിറ്റി കാൻസർ ചാലഞ്ച് പദ്ധതിയുടെ (C-Can) ഇന്ത്യയിലെ ആദ്യത്തെ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
മേയർ വി.കെ. മിനിമോൾ, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, ടോണി ചമ്മിണി, പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറി ഡോ. എ. കൗശികൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇൻഫർമേഷൻ കിയോസ്‌കുകളും വിവിധ സ്റ്റാളുകളും എക്‌സിബിഷനും സംഘടിപ്പിച്ചു. പ്രവാസികൾക്കായി പ്രവാസി സുരക്ഷ സ്വയം തൊഴിൽ വായ്പ, ഗ്രീൻ വീൽ വായ്പ പദ്ധതി, പുനർജനി സ്വയം തൊഴിൽ വായ്പ തുടങ്ങിയ പുതിയ പദ്ധതികളും ചടങ്ങിൽ അവതരിപ്പിച്ചു.