വാങ്ങി ഉപയോഗിക്കുന്ന പാലിന് സംശയമുണ്ടോ? സൗജന്യമായി പരിശോധിക്കാൻ എറണാകുളം കളക്ടറേറ്റിൽ സൗകര്യം
ഓണക്കാലത്തെ വർധിച്ച പാലിന്റെ ഉപഭോഗം കണക്കിലെടുത്ത്, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പാൽ ലഭ്യമാക്കാൻ എറണാകുളം ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പാൽ പരിശോധനാ ക്യാമ്പിന് തുടക്കമായി.
ഓണക്കാലത്ത് വിഷരഹിത പാൽ ഉറപ്പാക്കാൻ എറണാകുളത്ത് ഊർജിത പരിശോധന; പൊതുജനങ്ങൾക്കും സാംപിളുകൾ സൗജന്യമായി പരിശോധിക്കാം
കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്ത് പാലിന്റെ ഉപഭോഗം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പാൽ ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനാ ക്യാമ്പിന് തുടക്കമായി.
ക്യാമ്പിന്റെയും ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. പാൽ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണത്തിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. നിർവഹിച്ചു.
രണ്ടാം ക്ഷീരവിപ്ലവത്തിന്റെ ഭാഗമായി കേരളത്തിൽ പാലുൽപാദനം വർധിപ്പിക്കുന്നതിനും ക്ഷീരകർഷകർക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും വിവിധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം ക്ഷീരകർഷകരുടെ ഉൽപാദനക്ഷമതയും വരുമാനവും വർധിപ്പിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണക്കാലത്ത് പാലിന്റെ ആവശ്യകത വർധിക്കുന്നതിനാൽ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ജില്ലാ കളക്ടർ പ്രിയങ്ക ജി. ചൂണ്ടിക്കാട്ടി. വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും കളക്ടർ ഉറപ്പുനൽകി.
പൊതുജനങ്ങൾക്കും പാൽ സൗജന്യമായി പരിശോധിക്കാം
ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാലും വിപണിയിലുള്ള വിവിധ ബ്രാൻഡുകളുടെ പാലും ശാസ്ത്രീയമായി പരിശോധിക്കുന്നതിന് Kakkanad കാക്കനാട് കളക്ടറേറ്റിലെ അഞ്ചാം നിലയിലുള്ള ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തങ്ങൾ വാങ്ങുന്ന പാലിന്റെ ഗുണനിലവാരത്തിൽ സംശയമുണ്ടെങ്കിൽ സാമ്പിളുകൾ ഇവിടെയെത്തിച്ച് സൗജന്യമായി പരിശോധിക്കാമെന്ന് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. സംശയനിവാരണത്തിനായി ഇൻഫർമേഷൻ സെന്ററിന്റെ സേവനവും ലഭ്യമാണ്.
കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷഫീന എം. അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടറും ക്വാളിറ്റി കൺട്രോൾ ഓഫീസറുമായ രമ്യ പി., ടെക്‌നിക്കൽ അസിസ്റ്റന്റ് ജാക്വിലിൻ ഡൊമനിക്, സീനിയർ ക്ഷീരവികസന ഓഫീസർ അനുമുരളി, ചിറ്റേത്തുകര ക്ഷീരസംഘം പ്രസിഡന്റ് എം. എൻ. ഗിരി, മനോജ് ആർ. തുടങ്ങിയവർ സംസാരിച്ചു.

