4,000 കിലോമീറ്റർ സാഹസിക യാത്ര കാണാതായ 13കാരിയെ കണ്ടെത്തി കുറുപ്പംപടി പോലീസ്
കുറുപ്പംപടിയിൽ നിന്ന് കാണാതായ 13 വയസുകാരിയെ 4,000 കിലോമീറ്റർ സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കേരള പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
നക്സൽ മേഖലയിൽ സാഹസിക തിരച്ചിൽ; കാണാതായ 13കാരിയെ ഒഡിഷയിൽ നിന്ന് കണ്ടെത്തി കേരള പോലീസ്
മൂവാറ്റുപുഴ: കുറുപ്പംപടിയിൽ നിന്ന് കാണാതായ 13 വയസുകാരിയെ 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കേരള പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
ഓഗസ്റ്റ് 13-നാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പോലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്ത് കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളിൽ നിന്നാണ് സേലത്തെ കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഒഡിഷ സ്വദേശിയുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടായിരുന്നതായി പോലീസ് മനസ്സിലാക്കുന്നത്.
തുടർന്ന് പോലീസ് സംഘം സേലത്തെത്തിയെങ്കിലും യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. അന്വേഷണത്തിൽ കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന് വ്യക്തമായി.
അതിതീവ്ര നക്സൽ ബാധിത പ്രദേശമായ ഇവിടെ പകൽ സമയത്ത് പോലീസ് വാഹനങ്ങൾക്ക് പ്രവേശനം സാധ്യമല്ലെന്ന് പ്രാദേശിക പോലീസ് അറിയിച്ചതിനെ തുടർന്ന് അർധരാത്രിയോടെ നീക്കം നടത്താൻ തീരുമാനിക്കുകയായിരുന്നു. അഞ്ചംഗ കുറുപ്പംപടി സംഘത്തോടൊപ്പം ബഞ്ചനഗർ പോലീസിലെ ആയുധധാരികളായ എട്ട് ഉദ്യോഗസ്ഥരും ചേർന്നു.
രാത്രി 12 മണിയോടെ വനമേഖലയിലൂടെ 40 കിലോമീറ്റർ സഞ്ചരിച്ച സംഘം, ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ വാഹനം നിർത്തി കാട്ടിലൂടെ നടന്ന് ലക്ഷ്യസ്ഥാനത്തെത്തി. കാട്ടിനുള്ളിലെ വീടുകൾക്കിടയിൽ നിന്ന് അലോകിന്റെ വീട് തിരിച്ചറിഞ്ഞ് പോലീസ് വളയുകയായിരുന്നു. നാട്ടുകാരുടെ എതിർപ്പും ചെറിയ വാക്കുതർക്കവും മറികടന്ന് പെൺകുട്ടിയെയും അലോകിനെയും പോലീസ് സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു.
സബ് ഇൻസ്പെക്ടർ കെ.എം. അബി, സീനിയർ സി.പി.ഒമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരടങ്ങിയ സംഘമാണ് സാഹസിക ദൗത്യത്തിന് നേതൃത്വം നൽകിയത്. പ്രതിയുമായി സംഘം കേരളത്തിലേക്ക് മടങ്ങി.

