മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അമൃത് ഫാർമസിയും ഹെൽത്ത് ലാബും എച്ച് എം സി അംഗീകാരം നൽകി
മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അമൃത് ഫാർമസിയും ഹെൽത്ത് ലാബും ആരംഭിക്കാൻ എച്ച് എം സി അനുമതി നൽകി. സ്കാനിംഗ്, ബ്ലഡ് ടെസ്റ്റുകൾ, മരുന്നുകൾ എന്നിവ വിലക്കുറവിൽ ലഭ്യമാകും.
മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അമൃത് ഫാർമസിയും ഹെൽത്ത് ലാബും എച്ച് എം സി അംഗീകാരം നൽകി
മൂവാറ്റുപുഴ: മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അമൃത് ഫാർമസി, ഹെൽത്ത് ലാബ് പദ്ധതികൾക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച് എം സി) അംഗീകാരം നൽകി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് (എച്ച് എൽ എൽ) നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ആശുപത്രിയിൽ ആധുനിക ലബോറട്ടറിയും ഫാർമസിയും ഉൾപ്പെടെയുള്ള അധിക സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾക്കാണ് തുടക്കമാകുന്നത്.
നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ അഭ്യർത്ഥന കത്തിന്റെ അടിസ്ഥാനത്തിൽ ഡീൻ കുര്യാക്കോസ് എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് എച്ച് എൽ എൽ അധികൃതരുടെ സംഘം മുവാറ്റുപുഴ ജനറൽ ആശുപത്രി സന്ദർശിച്ച് പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തിയത്. തുടർനടപടികളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കാൻ എച്ച് എം സി അനുമതി നൽകിയത്.
സർക്കാർ ആശുപത്രിയിൽ നിലവിൽ ലഭിച്ചുവരുന്ന സൗജന്യ ലബോറട്ടറി പരിശോധനകളും സർക്കാർ നൽകുന്ന സൗജന്യ മരുന്നുകളും യാതൊരു മാറ്റവുമില്ലാതെ തുടരും. നിലവിലുള്ള സൗജന്യ സേവനങ്ങൾക്ക് പുറമേ കൂടുതൽ ആധുനികവും സ്പെഷ്യലൈസ്ഡുമായ പരിശോധനകളും മരുന്നുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അൾട്രാസൗണ്ട് സ്കാൻ, വിവിധ തരത്തിലുള്ള സി.ടി. സ്കാനുകൾ, സ്പെഷ്യാലിറ്റി ബ്ലഡ് ടെസ്റ്റുകൾ തുടങ്ങിയ ആധുനിക പരിശോധനകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം ലഭിക്കും. ഡയാലിസിസിന് ആവശ്യമായ വിവിധ മരുന്നുകൾ, ഓർത്തോപീഡിക് ഇംപ്ലാന്റുകൾ തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കൽ ഉൽപ്പന്നങ്ങൾ വിപണിവിലയേക്കാൾ 50 ശതമാനം വരെ വിലക്കുറവിൽ ഇതിലൂടെ ലഭ്യമാകും.
കാഷ്വാലിറ്റി, ഒ.പി. വിഭാഗങ്ങളിലെത്തുന്നവർക്ക് ആവശ്യമായ സഹായവും ഏകോപനവും ഉറപ്പാക്കാൻ 'നഴ്സ് കം കോർഡിനേറ്ററെ' നഗരസഭ നേരിട്ട് നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിശോധനകൾക്കും മറ്റ് ആശുപത്രി സേവനങ്ങൾക്കും രോഗികൾക്ക് ആവശ്യമായ മാർഗനിർദേശം നൽകുകയാണ് ഇവരുടെ ചുമതല. സൗജന്യ ആശുപത്രി സേവനങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കാനും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ പദ്ധതി സഹായകമാകും.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
