ഷാജി കൈലാസ് ജോജു ജോർജ് ചിത്രം വരവ് ട്രെയിലർ പുറത്തിറങ്ങി കാട്ടുങ്കൽ പോളച്ചനായി ജോജു തകർക്കുന്നു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ വരവ് സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. ജോജു ജോർജ്, മുരളി ഗോപി എന്നിവർ പ്രധാന വേഷങ്ങളിൽ.

ഷാജി കൈലാസ് ജോജു ജോർജ് ചിത്രം വരവ് ട്രെയിലർ പുറത്തിറങ്ങി കാട്ടുങ്കൽ പോളച്ചനായി ജോജു തകർക്കുന്നു
വരവ്' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്

​കൊച്ചി: മലയാള സിനിമയിലെ മാസ് ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ ഷാജി കൈലാസും ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വരവ്' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് പ്രേക്ഷകരിൽ ആവേശം നിറക്കുന്ന ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 'കാട്ടുങ്കൽ പോളച്ചൻ' എന്ന കരുത്തുറ്റ കഥാപാത്രമായി ജോജു ജോർജ് എത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ആക്ഷൻ ത്രില്ലറാണ്.

​ഷാജി കൈലാസിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച എ.കെ. സാജനാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിച്ചിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റജി നിർമ്മിക്കുന്ന ചിത്രം ഹൈറേഞ്ചിന്റെയും മധ്യതിരുവിതാംകൂറിന്റെയും പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

​കൊലക്കേസ് പ്രതിയായ കാട്ടുങ്കൽ പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. "പോളച്ചൻ പരോളിലിറങ്ങിയെന്ന് കേട്ടു, നമുക്ക് പണിയാകുമോ?" എന്ന ട്രെയിലറിലെ ഡയലോഗ് തന്നെ ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. പകയും പ്രതികാരവും കത്തുന്ന കണ്ണുകളുമായി എത്തുന്ന പോളച്ചൻ ഒരു നാടിന്റെ ഉറക്കം കെടുത്തുന്ന കാഴ്ചയാണ് ട്രെയിലറിൽ ഉടനീളം.

​മുരളി ഗോപി അവതരിപ്പിക്കുന്ന 'മേടയിൽ കോച്ച്' എന്ന കഥാപാത്രവും ചിത്രത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു. ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, സുകന്യ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എട്ട് ഗംഭീര ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം.

​എസ്. ശരവണൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. മൂന്നാർ, വാഗമൺ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'വരവ്' ഉടൻ തിയേറ്ററുകളിലെത്തും.