കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസിൽ ചിക്കൻപോക്സ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് 21 ദിവസം അവധി
കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസിൽ ചിക്കൻപോക്സ് പടരുന്ന സാഹചര്യത്തിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് 21 ദിവസത്തേക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പഠനം ഓൺലൈനായി തുടരും.
കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസിൽ ചിക്കൻപോക്സ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് 21 ദിവസം അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: കായംകുളം സർക്കാർ ബോയ്സ് ഹയർ സെക്കന്ററി സെക്കണ്ടറി സ്കൂളിൽ ചിക്കൻപോക്സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 16 മുതൽ 21 ദിവസത്തേയ്ക്ക് ജില്ലാ കളക്ടർ ഷാജി വി നായർ അവധി പ്രഖ്യാപിച്ചു. നിലവിൽ 22 വിദ്യാർത്ഥികളാണ് രോഗബാധിതരായത്. അവധി ദിനങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തണം. വിദ്യാലയങ്ങളിൽ ചിക്കൻപോക്സ് പടരുന്നത് തടയാൻ ആരോഗ്യ-തദ്ദേശസ്വയംഭരണ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.
ചിക്കൻപോക്സ് കായംകുളം നഗരസഭ പ്രദേശത്ത് ജാഗ്രത വേണം
കായംകുളം നഗരസഭ പ്രദേശത്തെ ചില വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 24 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ-ശുചിത്വ ശീലങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ചിക്കൻപോക്സ് പകരുന്നത് തടയാനുള്ള ഏറ്റവും പ്രധാന മാർഗം രോഗിയെ നേരത്തെ തിരിച്ചറിഞ്ഞ്, എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ മറ്റുള്ളവരിൽ നിന്ന് അകറ്റിനിർത്തുന്നതാണ്. മാസ്ക് ഉപയോഗിക്കുന്നത് പ്രായോഗിക തലത്തിൽ വളരെ ഗുണകരമായ ചിലവ് കുറഞ്ഞ പ്രതിരോധമാണ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
ചിക്കൻപോക്സ് പകരുന്നത് എങ്ങനെ?
ചിക്കൻപോക്സ് വായുവിലൂടെയും ശ്വാസകോശ സ്രവങ്ങളിലൂടെയും, കുമിളകളിലെ ദ്രവവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരുന്ന അത്യന്തം പകർച്ചശേഷിയുള്ള വൈറസ് രോഗമാണ്. രോഗിയുടെ ചുമ/തുമ്മൽ എന്നിവയിൽ നിന്നുള്ള സ്രവങ്ങളിലൂടെയും കുമിളകളിലെ ദ്രവവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 2-3 ദിവസം മുമ്പ് മുതൽ എല്ലാ കുമിളകളും ഉണങ്ങുന്നത് വരെ രോഗിയിൽ നിന്നും അസുഖം പകരാൻ കഴിയും.
പ്രധാന രോഗലക്ഷണങ്ങൾ
പനി, ശരീരത്തിൽ ചൊറിച്ചിലോടുകൂടിയ കുമിളകൾ/പാടുകൾ, തലവേദന, ശരീരവേദന, ക്ഷീണം. സമ്പർക്കത്തിന് ശേഷം സാധാരണയായി 10–21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ
കുട്ടികളെയും മുതിർന്നവരെയും സ്കൂൾ, ജോലി, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് അയക്കരുത്. മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. രോഗിയെ സാധ്യമെങ്കിൽ നല്ല വായുസഞ്ചാരമുള്ള പ്രത്യേക മുറിയിൽ പാർപ്പിക്കുക. മറ്റുള്ളവരുമായി ഇടപഴകേണ്ട സാഹചര്യമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. രോഗിയുടെ വസ്ത്രങ്ങൾ, തൂവാല, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിടരുത്; സാധാരണ ഡിറ്റർജന്റ് ഉപയോഗിച്ച് നന്നായി കഴുകുക. ആവശ്യത്തിന് പോഷകാഹാരവും ധാരാളം വെള്ളവും നൽകുക. എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ സ്കൂൾ/ജോലി/പൊതുസ്ഥലങ്ങൾ ഒഴിവാക്കുക.
ചികിത്സ
ചിക്കൻപോക്സ് സ്ഥിരീകരിച്ചാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക (സ്വയം ചികിത്സ ഒഴിവാക്കുക).
കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ടവ
രോഗിയുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. രോഗം റിപ്പോർട്ട് ചെയ്ത വീടുകളിൽ നിന്ന് ബന്ധുവീടുകളിലേക്കും അയൽവീടുകളിലേക്കും അനാവശ്യ സന്ദർശനം ഒഴിവാക്കുക. രോഗിയുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ/ഡോക്ടറെ ബന്ധപ്പെടുക. ഗർഭിണികൾ, ചെറിയ ശിശുക്കൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ ഉടൻതന്നെ വൈദ്യോപദേശം തേടുക.
വിദ്യാലയങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടികൾ അടുത്തിടപഴകുന്നതിനുള്ള സാഹചര്യം കൂടുതലായതിനാൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പനി/കുമിളകൾ/ചൊറിച്ചിൽ തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിൽ അയക്കരുത്. രോഗബാധിത കുട്ടിയെ എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ വീട്ടിൽ തന്നെ പാർപ്പിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്ന ശീലം പ്രോത്സാഹിപ്പിക്കുക. വ്യക്തിഗത വസ്തുക്കൾ പരസ്പരം പങ്കിടുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങൾ സംശയിക്കുന്ന കുട്ടിക്ക് സ്വയം മരുന്ന് നൽകരുത്; ഡോക്ടറുടെ നിർദ്ദേശം പാലിക്കുക. സ്കൂളുകളിൽ രോഗലക്ഷണങ്ങളുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി ആരോഗ്യപ്രവർത്തകരെ അറിയിക്കുക.
ഭിന്നശേഷി കുട്ടികൾക്ക് തുല്യഅവസരം ഉറപ്പാക്കണം വി. പി. സജീന്ദ്രൻ എം.എൽ.എ
അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി വി പി സജീന്ദ്രൻ എം എൽ എ
സർക്കാർ ഉദ്യോഗസ്ഥർക്കായി വിവരാവകാശ സെമിനാർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
സ്മാർട്ട് റേഷൻ കാർഡ് ഫോൺ നമ്പറും ആധാറും അടിയന്തരമായി ബന്ധിപ്പിക്കണം സപ്ലൈ ഓഫീസർ
കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസിൽ ചിക്കൻപോക്സ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് 21 ദിവസം അവധി
മാൻകൊമ്പും എല്ലുകളുമായി ഇതരസംസ്ഥാനക്കാരനും വധശ്രമക്കേസ് പ്രതിയും പിടിയിൽ