എറണാകുളം ട്രൈബൽ കോംപ്ലക്സും ഹോസ്റ്റലും സന്ദർശിച്ച് മന്ത്രി കെ.എ. തുളസി
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സും എസ്ടി പോസ്റ്റ് മെട്രിക് ഹോസ്റ്റലും മന്ത്രി കെ.എ. തുളസി സന്ദർശിച്ചു.
എറണാകുളം ട്രൈബൽ കോംപ്ലക്സും ഹോസ്റ്റലും സന്ദർശിച്ച് മന്ത്രി കെ.എ. തുളസി
എറണാകുളം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സും എസ്ടി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സന്ദർശിച്ചു. സന്ദർശന വേളയിൽ ട്രൈബൽ കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഹോസ്റ്റലിലെ സൗകര്യങ്ങളും മന്ത്രി നേരിട്ട് വിലയിരുത്തി.
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പരമ്പരാഗത തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്കായുള്ള പ്രദർശന-വിൽപ്പന കേന്ദ്രമായ 'കൈതോലം' ഹെറിറ്റേജ് ഷോപ്പ്, അട്ടപ്പാടി ഫാർമിംഗ് കോർപ്പറേറ്റീവ് സൊസൈറ്റി, ട്രൈബ്സ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾ മന്ത്രി സന്ദർശിച്ചു. വിവിധ ഗോത്രവർഗ്ഗ ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ടുമനസ്സിലാക്കിയ മന്ത്രി ചില ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്തു. കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് വിപണി വിപുലീകരിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. കോംപ്ലക്സിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന റൂമുകൾ, സെമിനാർ ഹാൾ, ഡോർമിറ്ററി എന്നിവ ഉപകാരപ്രദമാകുന്ന രീതിയിൽ പരിഷ്കരിക്കുന്നതിനുമുള്ള സാധ്യതകളും മന്ത്രി ആരാഞ്ഞു.
തുടർന്ന് ഫോർഷോർ റോഡിലെ പട്ടികവർഗ്ഗ വികസന വകുപ്പ് ഹോസ്റ്റൽ സന്ദർശിച്ച മന്ത്രി, മെസ് ഹാൾ, ഡൈനിംഗ് ഏരിയ, അടുക്കള, ശുദ്ധജല വിതരണ സംവിധാനം എന്നിവ പരിശോധിച്ചു. ഹോസ്റ്റൽ അന്തേവാസികളായ കുട്ടികളുമായി ആശയവിനിമയം നടത്തുകയും അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. കുട്ടികളുടെ പഠനപുരോഗതി നിശ്ചിത ഇടവേളകളിൽ റിപ്പോർട്ട് ചെയ്യാൻ ഹോസ്റ്റൽ വാർഡന് മന്ത്രി കർശന നിർദ്ദേശം നൽകി.