നഗരം ജനസാഗരമായി യുഡിഎഫ് സത്യപ്രതിജ്ഞയ്ക്ക് പ്രവർത്തകരുടെ വൻ ഒഴുക്ക്, ഹോട്ടലുകളും വാഹനങ്ങളും കിട്ടാതെ ജനങ്ങൾ വലഞ്ഞു
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മലബാർ മേഖലയിൽ നിന്നടക്കം പതിനായിരക്കണക്കിന് പ്രവർത്തകർ എത്തിയതോടെ തിരുവനന്തപുരം നഗരം ജനസാഗരമായി. ഹോട്ടലുകളിൽ മുറികളും വഴിയാത്രയ്ക്ക് ഓട്ടോറിക്ഷകളും കിട്ടാതെ പ്രവർത്തകർ വലഞ്ഞു.
നഗരം ജനസാഗരമായി; യുഡിഎഫ് സത്യപ്രതിജ്ഞയ്ക്ക് പ്രവർത്തകരുടെ വൻ ഒഴുക്ക്, ഹോട്ടലുകളും വാഹനങ്ങളും കിട്ടാതെ ജനങ്ങൾ വലഞ്ഞു
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാന നഗരിയിലേക്ക് പ്രവർത്തകരുടെ വൻ ഒഴുക്ക്. മലബാർ മേഖലയിൽ നിന്നുൾപ്പെടെ ബസുകളിലും ട്രെയിനുകളിലുമായി നൂറുകണക്കിന് പ്രവർത്തകരാണ് ഇന്നലെ നഗരത്തിൽ എത്തിയത്. പ്രവർത്തകരുടെ അഭൂതപൂർവമായ തിരക്ക് കാരണം നഗരത്തിലെ ഭൂരിഭാഗം ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികൾ പൂർണ്ണമായും ബുക്കായിരുന്നു. തമ്പാനൂർ, അരിസ്റ്റോ ജംഗ്ഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൊന്നും മുറികൾ കിട്ടാതായതോടെ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ പലരും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മുറി തേടി പോകേണ്ടി വന്നു.
ചടങ്ങ് നടന്ന സെൻട്രൽ സ്റ്റേഡിയത്തിന് പരിസരത്തും കടുത്ത യാത്രാക്ലേശമാണ് അനുഭവപ്പെട്ടത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുതൽ ശ്രീകുമാർ തിയറ്റർ വരെയുള്ള ഭാഗങ്ങളിൽ സാധാരണയായി സർവീസ് നടത്താറുള്ള ഓട്ടോറിക്ഷകൾ ഒന്നും തന്നെ ഇന്നലെ രാവിലെ ലഭ്യമായിരുന്നില്ല. ഓട്ടോ കിട്ടാതെ വന്നതോടെ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നെത്തിയ വയോധികരടക്കമുള്ള പ്രവർത്തകർ മോസ്ക് ലെയിൻ, എസ്.എസ് കോവിൽ റോഡ് വഴി കാൽനടയായിട്ടാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിയത്.
പ്രവർത്തകരുടെ തിരക്ക് നഗരത്തിലെ ചെറുകിട വ്യാപാരികൾക്കും ഹോട്ടലുടമകൾക്കും വൻ ബിസിനസ്സ് സമ്മാനിച്ചു. ഭക്ഷണശാലകളിലും, ഖദർ വസ്ത്രങ്ങൾ ഇസ്തിരി ഇട്ടു നൽകുന്ന കടകളിലുമെല്ലാം ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അതേസമയം, നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് പ്രവർത്തകർ ആരോപിച്ചു. വഴിനീളെ പോലീസുകാർ ഉണ്ടായിരുന്നെങ്കിലും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനോ, ദൂരദേശങ്ങളിൽ നിന്നെത്തിയവർക്ക് ഓട്ടോറിക്ഷകൾ ക്രമീകരിച്ചു നൽകാനോ പോലീസ് തയ്യാറായില്ലെന്ന് മലപ്പുറത്തുനിന്നുള്ള യുഡിഎഫ് പ്രവർത്തകർ പരാതിപ്പെട്ടു. സ്റ്റേഡിയത്തിന് മുൻപിലെ റോഡിൽ നിയന്ത്രണമുണ്ടായിരുന്നെങ്കിലും, അതിന്റെ തൊട്ടുമുൻപിലെ ജംഗ്ഷൻ വരെയെങ്കിലും വാഹനങ്ങൾ കടത്തിവിടാമായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. കടുത്ത വെയിലിനെപ്പോലും അവഗണിച്ചാണ് നേതാക്കളെ കാണാനും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനും അണികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

