ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന് തുടക്കമായി

പത്തനംതിട്ട മ്ലാന്തടത്ത് 7 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന് തുടക്കമായി
ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന് തുടക്കമായി

​അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിച്ച സ്നേഹദർശനമാണ് ഗുരു നിത്യചൈതന്യയതിയുടേത്: മന്ത്രി സജി ചെറിയാൻ

​കോന്നി: വിഭജനങ്ങളില്ലാത്ത ലോകത്തെ കുറിച്ച് സംസാരിക്കുകയും അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിക്കുകയും ചെയ്ത മഹാനായ ദാർശനികനായിരുന്നു ഗുരു നിത്യചൈതന്യയതിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മ്ലാന്തടത്ത് ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കലയും സാഹിത്യവും സംഗീതവും ആത്മീയതയുടെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിച്ച ഗുരുവിന്റെ സ്മരണകളുണർത്തുന്ന ഈ സാംസ്കാരിക സമുച്ചയം വരുംതലമുറയ്ക്ക് വലിയ വിജ്ഞാനസമ്പത്തായി മാറുമെന്ന് മന്ത്രി പറഞ്ഞു.

​വർഗ്ഗീയത വലിയ വെല്ലുവിളിയായി നമ്മുടെ മുന്നിലുണ്ട്. മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ സിനിമയും കലയും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. കേരളം കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മതസൗഹാർദ്ദത്തെ തകർക്കാനും ലോകത്തിന് മുന്നിൽ നാടിനെ അപമാനിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ നിത്യചൈതന്യയതിയെപ്പോലെയുള്ള ഗുരുമഹാന്മാരുടെ ചിന്തകൾ കരുത്തുപകരുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

​സംസ്ഥാന സർക്കാർ ഏഴു കോടി രൂപ ചെലവഴിച്ചാണ് ബൃഹത്തായ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠിതാക്കൾക്ക് ഗുരുവിന്റെ ദർശനങ്ങൾ പഠിക്കാനുള്ള വിജ്ഞാന കേന്ദ്രമായി ഈ ഗവേഷണ കേന്ദ്രം മാറുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

​മ്ലാന്തടം ശ്രീ ഗുരുമുരുക ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ കെ.യു. ജനിഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗുരുവിന്റെ ജന്മനാട്ടിൽ ഒരു സ്മാരകമെന്ന ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാങ്ങിയ ഒരേക്കർ ഭൂമിയിലാണ് സമുച്ചയം ഉയരുന്നത്. പൊതുമേഖലാ സ്ഥാപനമായ 'കെൽ' (KEL) നാണ് നിർമ്മാണ ചുമതല.

​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ, ജില്ലാ പഞ്ചായത്ത് അംഗം എസ്. സന്തോഷ്‌ കുമാർ, അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രേഷ്മ, സെക്രട്ടറി വി.എൻ. അനിൽ, മുൻ പ്രസിഡന്റ് രേഷ്മ മറിയം റോയി തുടങ്ങിയവർ സംസാരിച്ചു.