100 ദിവസം പിന്നിട്ട് ലോക ചരിത്രം
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് ലോക ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം മലയാള സിനിമയിൽ പുതിയ ചരിത്രം
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് ലോക ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം
മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച്, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "ലോക - ചാപ്റ്റർ വൺ: ചന്ദ്ര" തീയേറ്ററുകളിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തിൽ ഒരു ചിത്രത്തിന് ലഭിക്കാൻ സാധ്യത വളരെ കുറവായ ഈ നേട്ടം, കേരളത്തിലെ പ്രധാന പിവിആർ മൾട്ടിപ്ലെക്സ് സ്ക്രീനുകളിലാണ് 'ലോക' സ്വന്തമാക്കിയത്.
കൊച്ചി പിവിആർ ഫോറം മാൾ, പിവിആർ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്‌സി എന്നിവിടങ്ങളിൽ ചിത്രം 100 ദിവസം പ്രദർശിപ്പിച്ചു. കോവിഡ് കാലഘട്ടത്തിന് ശേഷം ഒന്നിലധികം സ്‌ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡും 'ലോക' സ്വന്തമാക്കി.
തീയേറ്ററുകളിൽ റെക്കോർഡുകൾ തകർത്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബ്ബിൽ ഇടം പിടിച്ചുവെന്ന സവിശേഷതയുമുണ്ട്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 121 കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഡൊമിനിക് അരുണാണ് ചിത്രം രചിച്ച് സംവിധാനം ചെയ്തത്.
പാൻ ഇന്ത്യൻ ഹിറ്റ്
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം സൂപ്പർ വിജയം നേടി. അഞ്ച് ഭാഗങ്ങളുള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായാണ് 'ലോക' എത്തിയത്. കേരളത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്നാണ് ചിത്രത്തിൻ്റെ പ്രചോദനം.
കല്ല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവർ അതിഥി താരങ്ങളായും തിളങ്ങി. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത്.
ഒടിടിയിലും ഗംഭീര സ്വീകരണം
ഒക്ടോബർ 31 ന് ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ കൂടാതെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: നിമിഷ് രവി
സംഗീതം: ജേക്‌സ് ബിജോയ്
എഡിറ്റർ: ചമൻ ചാക്കോ
അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ
ആക്ഷൻ: യാനിക്ക് ബെൻ
പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ
ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ "ലോക ചാപ്റ്റർ 2" വിൽ ടൊവിനോ തോമസാണ് നായകൻ.

