ഹോംസ്റ്റേകൾക്ക് പ്രത്യേക ആനുകൂല്യങ്ങളെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി വ്യവസായ പദവി നൽകുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ഹോംസ്റ്റേകൾക്ക് പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും നൽകുമെന്നും പ്രഖ്യാപനം.

ഹോംസ്റ്റേകൾക്ക് പ്രത്യേക ആനുകൂല്യങ്ങളെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.ടി.എച്ചിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന് സംഘടനയുടെ ഉപഹാരം നൽകുന്നു
ഹോംസ്റ്റേകൾക്ക് പ്രത്യേക ആനുകൂല്യങ്ങളെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

കേരളത്തിൽ ഹോംസ്റ്റേകൾക്ക് പ്രത്യേക പരിഗണന; ടൂറിസം മേഖലയ്ക്ക് ഉടൻ വ്യവസായ പദവി: മന്ത്രി പി.സി. വിഷ്ണുനാഥ്

എറണാകുളം:കേരളത്തിന്റെ ഭാവി വികസനവും സാമ്പത്തിക ഭദ്രതയും ടൂറിസം മേഖലയെ ആശ്രയിച്ചാണെന്നും, ഈ രംഗത്ത് വലിയ സാധ്യതകളുള്ള ഹോംസ്റ്റേ ടൂറിസത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ഹോംസ്റ്റേ സംരംഭകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 100 ദിവസത്തിനകം തന്നെ ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകുമെന്ന് മന്ത്രി അറിയിച്ചു. കേവലം കാഴ്ചകൾ കാണുന്നതിലുപരി പ്രാദേശിക സംസ്കാരം, ഭക്ഷണരീതികൾ, കൃഷി, മത്സ്യബന്ധനം എന്നിവ നേരിട്ട് അനുഭവിച്ചറിയുന്ന 'എക്സ്പീരിയൻഷ്യൽ ടൂറിസത്തിനാണ്' ഇന്ന് ലോകമെമ്പാടും പ്രസക്തിയെന്നും, ഇതിന് ഏറ്റവും മികച്ച മാതൃകകളാണ് ഹോംസ്റ്റേകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​നിലവിൽ സംസ്ഥാനത്ത് 1200-ഓളം ക്ലാസിഫൈഡ് ഹോംസ്റ്റേകളാണുള്ളത്. അംഗീകാരമില്ലാത്ത എല്ലാ ഹോംസ്റ്റേകളെയും നിരോധിക്കുകയല്ല, മറിച്ച് അവരെക്കൂടി ക്ലാസിഫിക്കേഷൻ നടപടികളുടെ ഭാഗമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വരുംദിവസങ്ങളിൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഇൻസെന്റീവുകളും ക്ലാസിഫൈഡ് ഹോംസ്റ്റേകൾക്ക് മാത്രമായി പരിമിതപ്പെടുത്തും. കൂടാതെ, ഗ്രീൻ ഫാം കേരള പ്രൊജക്റ്റിലെ കർശനമായ വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്നും ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റിൽ പ്രത്യേക 'ഇൻവെസ്റ്റ്മെന്റ് സെൽ' ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

​കൊച്ചിയെ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ജെ.സി. ഡാനിയേൽ ഫിലിം സിറ്റിയുടെ തറക്കല്ലിടൽ, ഒഷ്യനേറിയം, ഫോർട്ട് കൊച്ചി വികസനം, പഴയ ബോട്ട് ജെട്ടിയുടെ നവീകരണം, മാരിടൈം മ്യൂസിയം തുടങ്ങിയ പദ്ധതികളും വേഗത്തിലാക്കും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ ടൂറിസം പദ്ധതികൾക്കും ഹോംസ്റ്റേ വികസനത്തിനും ആവശ്യമായ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ കേരള ഗ്രാമീണ ബാങ്കിന്റെ ഹോംസ്റ്റേ സംരംഭകർക്കുള്ള വായ്പാ അനുമതി പത്രങ്ങളുടെ വിതരണവും ടൂറിസം രംഗത്തെ മികവുകൾക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു. കേരളത്തിലെ 14 ജില്ലകളിലും ഹോംസ്റ്റേ സംരംഭകർക്കായി വായ്പാ പദ്ധതി നടപ്പിലാക്കിയ കേരള ഗ്രാമീണ ബാങ്ക് സ്റ്റാൻഡിംഗ് ചെയർപേഴ്സൺ വിമല വിജയഭാസ്കറിനെ ചടങ്ങിൽ ആദരിച്ചു.

​ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള ഹാറ്റ്സ് ചെയർമാനും സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവുമായ എം.പി. ശിവദത്തൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടോണി ചമ്മിണി, ദീപക് ജോയ്, സോമിനിക് പ്രസന്റേഷൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സംരംഭകർക്കായി ബാങ്ക് വായ്പ രജിസ്ട്രേഷനും ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷനുള്ള സൗകര്യങ്ങളും ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.