ഇനി തടസ്സമില്ലാത്ത വെളിച്ചം 3.5 കോടിയുടെ പുതിയ 11 കെ.വി ഫീഡർ നാടിന് സമർപ്പിച്ചു
ദ്യുതി 2.0 പദ്ധതിയിലുൾപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ 11 കെ.വി ഫീഡർ എറണാകുളം എം.എൽ.എ ടി. ജെ. വിനോദ് നാടിന് സമർപ്പിച്ചു. ചേരാനെല്ലൂരിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം.
ചേരാനെല്ലൂരിന്റെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് പുതിയ കരുത്ത്: 3.5 കോടിയുടെ 11 കെ.വി ഫീഡർ പ്രവർത്തനസജ്ജമായി
കൊച്ചി: ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ദ്യുതി 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ 11 കെ.വി ഫീഡർ എറണാകുളം എം.എൽ.എ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. 3.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
110 കെ.വി ഇടപ്പള്ളി സബ്‌സ്റ്റേഷനിൽ നിന്ന് ചേരാനെല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലേക്ക് 5.8 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിൾ (Underground Cable) സ്ഥാപിച്ചാണ് പുതിയ ഫീഡർ സജ്ജമാക്കിയിരിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ ചേരാനെല്ലൂർ മേഖലയിലെ വൈദ്യുതി വിതരണ സംവിധാനത്തിൽ വലിയ ശേഷിവർധനയാണ് ഉണ്ടായിരിക്കുന്നത്.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചേരാനെല്ലൂരിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനായി ടി. ജെ. വിനോദ് എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പുതിയ ഫീഡർ പ്രവർത്തനക്ഷമമായതോടെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഏകദേശം 70 ശതമാനം പ്രദേശങ്ങൾക്കും ഇനി തടസ്സരഹിതവും ഗുണമേന്മയുള്ളതുമായ വൈദ്യുതി ലഭ്യമാകും.
നിലവിലുള്ള ഫീഡറുകളുടെ അമിതഭാരം കുറയ്ക്കുക, വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങളുടെ ദൈർഘ്യവും ആവർത്തനവും കുറയ്ക്കുക എന്നിവയ്ക്കൊപ്പം ഭാവിയിലെ ഉപഭോഗ വർധനവ് കൂടി കണക്കിലെടുത്താണ് വികസനം സാധ്യമാക്കിയിട്ടുള്ളത്.
ചടങ്ങിൽ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാരിയത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, വാർഡ് മെമ്പർമാരായ കെ. ജി. രാജേഷ്, റോസ്മേരി ഷാജി, ഐഷ കരീം, ജെയിംസ് തൈപ്പറമ്പിൽ, ജിതിൻ കെ.കെ, ലില്ലി ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. എ. മാത്യു, മുൻ ജില്ലാ പഞ്ചായത്ത് അംഗം ലോറൻസ് എന്നിവരും പങ്കെടുത്തു.
എറണാകുളം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിനു എം. ജി., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബൈജുമോൻ പി., സബ് എൻജിനീയർ ഇൻചാർജ് ജോസഫ് കെ. എസ്. തുടങ്ങിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ചടങ്ങിന്റെ ഭാഗമായി.