അറബ് സഞ്ചാരികൾ ഭാവി കേരളത്തിന്റെ നട്ടെല്ലാകും പി സി വിഷ്ണുനാഥ്
ഇൻഡോ അറബ് ടൂറിസം ട്രേഡ് സമ്മിറ്റ് കൊച്ചിയിൽ ഓഗസ്റ്റ് 31 ന് വൈകുന്നേരം 6 മണിക്ക് കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.
അറബ് സഞ്ചാരികൾ ഭാവി കേരളത്തിന്റെ നട്ടെല്ലാകും - പി സി വിഷ്ണുനാഥ്
എറണാകുളം:ഇൻഡോ അറബ് കണക്ട് കേരള മുഖ്യമന്ത്രി ഓഗസ്റ്റ് 31 ന് കൊച്ചിയിൽ ഉത്ഘാടനം ചെയ്യും അറബ് ടൂറിസം മാർക്കറ്റ് ലക്ഷ്യമിട്ട്, സെപ്തംബർ ഒന്നിന്, ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ബി ടു ബി മീറ്റിൽ 200 അറബ് ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും
കൊച്ചി , ജൂലൈ 23, 2026: അറബ് രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ കേരള ടൂറിസത്തിന്റെ ഭാവി വളർച്ചയിൽ വലിയ പങ്കു വഹിക്കുമെന്നും ആയുർവേദ, മെഡിക്കൽ ടൂറിസം, ആഡംബര ടൂറിസം, സോവനീർ വ്യവസായ മേഖലയിൽ വലിയ തോതിൽ പുരോഗതിയിലേക്ക് നയിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണെന്ന് കേരള ടൂറിസം , സാംസ്‌കാരിക - സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
നിലവിൽ കേരളത്തിന്റെ മികച്ച ആഭ്യന്തര വിപണിയായ അറബ് ടൂറിസം മാർക്കറ്റിംഗ് പരിപോഷിക്കുന്നതിനായി അറബ് ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ, ഇൻഡോ - അറബ് ടൂറിസം & ഹോസ്പിറ്റാലിറ്റി അലയൻസ്, ടുറിസം ഇന്ത്യ എന്നിവ സംയുക്തമായി കേരള ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും സഹകരണത്തോടെ, സെപ്തംബർ ഒന്നിന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന "ഇൻഡോ അറബ് കണക്ട് 2026 ടൂറിസം" സമ്മിറ്റ് കേരള ടൂറിസത്തിന്റെ ചരിത്രത്തിൽ നാഴിക കല്ലാവാൻ പോകുന്ന ടൂറിസം മാർക്കറ്റിംഗ് ഈവന്റ് ആയിരിക്കും.
ഓഗസ്റ്റ് 31 ന് "ഇൻഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റിലും സെപ്തംബർ ഒന്നിന് നടക്കുന്ന ടൂറിസം ബിസിനസ് മീറ്റിംഗിലും സെപ്റ്റംബർ 2 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന കേരള പര്യടനത്തിലുമായി, സൗദി അറേബ്യ, ഒമാൻ, യൂ എ ഇ, ഈജിപ്ത്, ജോർദാൻ, ഇറാൻ, ഖത്തർ, കുവൈറ്റ് , ബഹ്‌റൈൻ, ഇറാഖ്, എന്നീ രാജ്യങ്ങളിൽ നിന്നുള്ള 200 അറബ് ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും.
ഇൻഡോ - അറബ് ടൂറിസം ട്രേഡ് സമ്മിറ്റ് കൊച്ചിയിൽ ഓഗസ്റ്റ് 31 ന് വൈകുന്നേരം 6 മണിക്ക് കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. ടൂറിസം -സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, കർണ്ണാടക ടൂറിസം മന്ത്രി കെ ജെ ജോർജ്, തമിഴ്‌നാട് ടൂറിസം മന്ത്രി രാജേഷ് കുമാർ, ഗോവ ടൂറിസം മന്ത്രി രോഹൻ ഖുന്റെ, ആന്ധ്ര പ്രദേശ് ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി കണ്ടുല ദുർഗേഷ്, തെലുങ്കാന ടൂറിസം മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവൂ, കേന്ദ്ര ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ സുമൻ ബില്ല ഐ എ എസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പത്തോളം അറബ് രാജ്യങ്ങളിലെ നയതന്ത്രഞ്ജരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം വകുപ്പ് മേധാവികളും ചടങ്ങിൽ സംബന്ധിക്കും.
കേരള ടൂറിസം വകുപ്പ് മൺസൂൺ ടൂറിസം ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആയുർവേദ ടൂറിസത്തിന് പ്രാമുഖ്യം നൽകി കൊണ്ട് കൂടുതൽ വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള നടപടികൾ ഈ സർക്കാർ അധികാരമേറ്റ ഉടനെ തന്നെ സ്വീകരിച്ചിരുന്നു. സമീപ കാലം വരെ ജൂൺ മുതൽ സെപ്തംബര് വരെയുള്ള കാലം പൊതുവെ ഓഫ് സീസൺ ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ അറബ് ടൂർ ഓപ്പറേറ്റർമാരുടെ നിരന്തരമുള്ള പരിശ്രമ ഫലമായി ഇപ്പോൾ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവ് കേരളത്തിന്റെ വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്കിനാണ് സാക്ഷ്യം വഹിക്കുന്നത്.
2025 ൽ ഒരു ലക്ഷത്തിൽ അധികം അറബ് സഞ്ചാരികൾ കേരളം സന്ദർശിച്ചു. ഈ ജൂൺ അവസാനം ആരംഭിച്ച നിലവിലെ അറബ് ടൂറിസം സീസൺ മികച്ച പ്രതികരണം ആണ് ഇതുവരെ നൽകുന്നത് . നിലവിൽ കേരളത്തിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ ഒമാൻ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഒന്നും രണ്ടും സ്ഥാനത്തുള്ള യൂ എസ് , യൂ കെ എന്നിവയെ സമീപ ഭാവിയിൽ ഒമാൻ മറികടക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടി കാണിക്കുന്നത്. ഇതോടൊപ്പം സൗദി അറേബ്യ, യൂ എ ഇ എന്നെ രാജ്യങ്ങൾ നമ്മുടെ പ്രധാന വിദേശ ടൂറിസം വിപണിയായി മാറുകയും ആദ്യ പത്തു റാങ്കിൽ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.
ഓരോ വിദേശ യാത്രക്കും അറബ് സഞ്ചാരികൾ ലോകത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സഞ്ചാരികളുടെ കൂട്ടത്തിൽ ആണ്. താമസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനുമായി ഒരു അറബ് സഞ്ചാരി ഒരു ദിവസം 3000 ഡോളർ ചെലഴിക്കുമ്പോൾ നമ്മുടെ പരമ്പരാഗത യൂറോപ്യൻ സഞ്ചാരികൾ ചെലവഴിക്കുന്നത് 550 മുതൽ 700 ഡോളർ വരെയാണ്. ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും എന്ന് കരുതുന്നു.
ഒരു കാലത്തു നമ്മുടെ മലയാളി സഹോദരങ്ങൾ അറബ് രാജ്യങ്ങളിൽ പണിയെടുത്തു നമ്മുടെ നാടിൻറെ വിദേശ നാണ്യ ശേഖരത്തിലും കേരളത്തിന്റെ സാമൂഹ്യ - സാമ്പത്തിക മേഖലയിലും വലിയ പുരോഗതി നൽകിയെങ്കിൽ , ഇപ്പോൾ അതെ അറബ് രാജ്യങ്ങളിലെ സഞ്ചാരികൾ നമ്മുടെ സാമ്പത്തിക പുരോഗതിയുടെ ആണി കല്ലായി മാറുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട്, ഇതിന്റെ കാരണക്കാരായ അറബ് ടൂർ ഓപ്പറേറ്റർമാരുടെ പങ്കിനെ ഈ സർക്കാർ ഗൗരവമായി തന്നെ കാണുകയും സഹായകരമാകുന്ന വിധത്തിൽ കേരളത്തെ വിവിധ അറബ് രാജ്യങ്ങളിൽ വിപണനം നടത്താനും കൂടുതൽ സഞ്ചാരികളെ അകര്ഷിക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് മന്ത്രി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ നിൽക്കുന്ന അറബ് സഞ്ചാരികളെ കൂടുതലായി എത്തിക്കുന്ന രാജ്യങ്ങൾ ആയ സൗദി അറേബ്യ, ഒമാൻ , യുണൈറ്റഡ് അറബ് എമിരേറ്റ്സ് അടക്കമുളള ഗൾഫ് രാജ്യങ്ങളിൽ നിന്നും പൂർവ്വേഷ്യൻ രാജ്യങ്ങളായ ഈജിപ്ത്, ജോർദാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത് ജൂൺ മുതൽ സെപ്തംബർ വരെയുള്ള ഓഫ് സീസൺ ആയത് ഈ മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ലോകസഞ്ചാരികളിൽ ഓരോ ദിവസവും താമസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനും ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്നത്തിൽ മുൻനിരയിൽ എത്തിനിൽക്കുന്ന അറബ് സഞ്ചാരികൾ കൂടുതലായി കേരളത്തിൽ എത്തിയാൽ ഇത് നമ്മുടെ സാമ്പത്തിക മേഖലക്ക് വലിയ ഉണർവ്വ് നൽകാൻ സഹായിക്കുമെന്ന് അസ്സോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റർസ് പ്രസിഡന്റ് റഷീദ് കക്കാട് അഭിപ്രായപ്പെട്ടു. മദ്ധ്യേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിലും കേരളത്തിലേക്ക് യാത്ര ചെയ്യാൻ വലിയ താൽപ്പര്യമാണ് അറബ് സഞ്ചാരികൾ കാണിക്കുന്നതെന്നും ജൂൺ അവസാനം ആരംഭിച്ച ഈ സീസണിൽ വലിയ വളർച്ചാ നിരക്ക് കാണിക്കുന്നതായും റഷീദ് കൂട്ടിച്ചേർത്തു.
കേരളത്തിന്റെ അന്താരാഷ്ട്ര ടൂറിസം വിപണിയിൽ മികച്ച സംഭാവന നൽകുന്ന അറബ് ടൂർ ഓപ്പറേർമാരെ കേരളത്തിന്റെ ആയുർവേദ, മെഡിക്കൽ ടൂറിസം, ആഡംബര സൗകര്യങ്ങൾ എന്നിവ നേരിൽ കാണാനും മികച്ച അനുഭവം നൽകി സമീപ ഭാവിയിൽ, മൂന്ന് ലക്ഷം സഞ്ചാരികളെ ആകർഷിക്കാനും അതിലൂടെ കേരളത്തിന്റെ സമ്പത് വ്യവസ്ഥയിൽ 25000 കോടി രൂപയിലധികം സംഭാവന ചെയ്യാൻ ഉതകുന്ന വിധത്തിൽ ആണ് ടൂറിസം സമ്മിറ്റ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇൻഡോ - അറബ് ടൂറിസം & ഹോസ്പിറ്റാലിറ്റി അലയൻസ്, ചീഫ് കോർഡിനേറ്ററും ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് മാനേജിങ് എഡിറ്ററുമായ രവിശങ്കർ കെ വി അറിയിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, സ്പെഷ്യലിറ്റി ആശുപത്രികൾ, ടൂർ ഓപ്പറേറ്റർമാർ, എയർലൈൻ - എയർ പോർട്ട് കമ്പനികൾ, ആയുർവേദ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ ഇരുനൂറോളം എക്സിബിറ്റേഴ്‌സുമായി അറബ് ടൂർ ഓപ്പറേറ്റർമാർ സംവേദിക്കുമെന്ന് ഇൻഡോ - അറബ് ടൂറിസം & ഹോസ്പിറ്റാലിറ്റി അലയൻസ് ചെയര്മാൻ ഡോ ജോളി ആന്റണി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള 500 ൽ അധികം ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റ്സ്, മൈസ് ട്രാവൽ ഏജന്റ്സ് എന്നിവരും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റിൽ പങ്കെടുക്കുമെന്നും സെപ്തംബര് 2 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ മൂന്നു മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ അറബ് ടൂർ ഓപ്പറേറ്റർമാർ സന്ദർശിക്കും എന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ ഇന്തോ മിഡിൽ ഈസ്റ്റ് ഗൾഫ് ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്‌റി പ്രസിഡന്റ് ഷറഫുദ്ധീൻ , അയാട്ട ഏജന്റ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ബിജി ഈപ്പൻ, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റർസ് സെക്രട്ടറി ഡോ. ഫസൽ റഹ്മാൻ, അസോയിയേഷൻ ഓഫ് മെഡിക്കൽ ഫെസിലിറ്റേറ്റർസ് പ്രസിഡന്റ് സുജിത് കുമാർ എന്നിവർ പങ്കെടുത്തു..
വിവരങ്ങൾക്ക്: റഷീദ് കക്കാട് Mob: : 96059 51111 / രവിശങ്കർ കെ വി Mob: 9847060531