ക്രെക്രോച്ച് ജനത പാർട്ടി നീറ്റ് ചോർച്ചയിൽ കേന്ദ്രമന്ത്രിക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധം അണികളോട് അഭ്യർത്ഥനയുമായി അഭിജീത്ത് ദീപ്കെ
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഡൽഹിയിൽ നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായി, വിമാനത്താവളത്തിൽ ജനക്കൂട്ടം ഒഴിവാക്കണമെന്ന് അണികളോട് അഭ്യർത്ഥിച്ച് ക്രെക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത്ത് ദീപ്കെ.
ക്രെക്രോച്ച് ജനത പാർട്ടി: നീറ്റ് ചോർച്ചയിൽ കേന്ദ്രമന്ത്രിക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധം; അണികളോട് അഭ്യർത്ഥനയുമായി അഭിജീത്ത് ദീപ്കെ
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് വൻ പ്രതിഷേധത്തിനൊരുങ്ങി ക്രെക്രോച്ച് ജനത പാർട്ടി. എന്നാൽ, പ്രതിഷേധത്തിന് മുന്നോടിയായി വിമാനത്താവളത്തിലെ ജനക്കൂട്ടം ഒഴിവാക്കണമെന്ന പ്രത്യേക അഭ്യർത്ഥനയുമായി പാർട്ടി സ്ഥാപകൻ അഭിജീത്ത് ദീപ്കെ രംഗത്തെത്തി.
പ്രതിഷേധത്തിൽ പങ്കെടുക്കാനായി അമേരിക്കയിൽ നിന്നും എത്തുന്ന തനിക്ക് സ്വീകരണം നൽകാൻ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരും എത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വിമാനത്താവളത്തിൽ ഒത്തുകൂടാൻ അനുയായികൾക്ക് ആഹ്വാനം നൽകിയിരുന്നെങ്കിലും, പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണയാണ് ഈ ആഹ്വനത്തിന് ലഭിച്ചത്.
വിമാനത്താവളത്തിൽ വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടുന്നത് അതിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും യാത്രക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിലയിരുത്തിയാണ് ഈ പുതിയ തീരുമാനം.
പ്രതിഷേധം ജന്തർമന്ദറിലേക്ക്; പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഒത്തുകൂടാൻ ആഹ്വാനം
വിമാനത്താവളത്തിൽ നിന്ന നേരെ ജന്തർമന്ദറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിന് അനുമതി തേടി താൻ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും, അണികൾ അവിടേക്ക് എത്തിച്ചേരണമെന്നും അഭിജീത്ത് ദീപ്കെ അറിയിച്ചു.
പൊതുജനങ്ങൾക്കോ സുരക്ഷാ സേനയ്ക്കോ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ഞങ്ങൾ നിയമം അനുസരിക്കുന്ന പൗരന്മാരാണ്. ഞങ്ങളുടെ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ എതിരാളികൾ അവസരം പാർത്തിരിക്കുകയാണ്. അതിനാൽ പ്രതിഷേധം പൂർണ്ണമായും സമാധാനപരവും നിയമപരവുമായിരിക്കണം. രാജ്യത്തെ ക്രമസമാധാനം നിലനിർത്താനും നിയമലംഘനത്തിലേക്ക് നയിക്കുന്ന യാതൊരു നടപടികളും ഉണ്ടാകാതിരിക്കാനും എല്ലാ അണികളും പ്രത്യേകം ശ്രദ്ധിക്കണം," അഭിജീത്ത് ദീപ്കെ അഭ്യർത്ഥിച്ചു.