കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അങ്കണവാടി വർക്കറെ പിരിച്ചുവിടാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശം
കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽ നിന്ന് നീക്കാൻ മന്ത്രി ബിന്ദു കൃഷ്ണ ഉത്തരവിട്ടു.
കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അങ്കണവാടി വർക്കറെ പിരിച്ചുവിടാൻ മന്ത്രിയുടെ അടിയന്തര നിർദേശം
കൊച്ചി: നഗരത്തിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ കർശന നടപടിയുമായി വനിതാ ശിശു വികസന വകുപ്പ്. വീഴ്ച വരുത്തിയ അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽ നിന്ന് നീക്കം ചെയ്യാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അങ്കണവാടികളിൽ പുറത്തുനിന്നുള്ള ഒരൊറ്റ വ്യക്തിയെയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം ലംഘിച്ചതിനാണ് ജീവനക്കാരിക്കെതിരെ ഉടനടി നടപടിയെടുക്കാൻ മന്ത്രി ഉത്തരവിട്ടത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ബിന്ദു കൃഷ്ണ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡയറക്ടർ, നിർഭയ സെൽ കോർഡിനേറ്റർ, ഐ.സി.പി.എസ് (ICPS) പ്രോഗ്രാം കോർഡിനേറ്റർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
അന്വേഷണ സംഘം നാളെത്തന്നെ അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തും. കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാനും റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരുവിധ വീഴ്ചയും അനുവദിക്കില്ലെന്ന് വകുപ്പ് വ്യക്തമാക്കി.