ജവാന്’ കൂട്ടായി മിന്നൽ മാജിക് സർക്കാർ ബ്രാൻഡി ഈ മാസം അവസാനത്തോടെ വിപണിയിൽ
കേരള സർക്കാരിന്റെ പുതിയ ബ്രാൻഡി മിന്നൽ മാജിക് ഈ മാസം അവസാനത്തോടെ ബെവ്കോ ഔട്ട്ലെറ്റുകളിൽ എത്തും. ജവാന് ശേഷം സർക്കാർ പുറത്തിറക്കുന്ന പ്രധാന മദ്യ ബ്രാൻഡാണിത്.
ജവാന് പിന്നാലെ ‘മിന്നൽ മാജിക്’ വരുന്നു; സർക്കാർ ബ്രാൻഡി ഈ മാസം മുതൽ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. ജനപ്രിയ റം ബ്രാൻഡായ ജവാന് ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യമെന്ന നിലയിൽ ഇതിനോടകം തന്നെ ബെവ്കോയുടെ ചില്ലറ വിൽപനശാലകളിൽ മിന്നൽ മാജിക്കിനെക്കുറിച്ച് വലിയ അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർമാണോദ്ഘാടനം നിർവഹിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉത്പാദനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ തിരക്കിട്ട് അനുമതികൾ വാങ്ങി ഉദ്ഘാടനം നടത്തിയപ്പോൾ കെട്ടിടത്തിന്റെ സിവിൽ ജോലികൾ പോലും പൂർത്തിയായിരുന്നില്ല എന്നതും തിരിച്ചടിയായി.
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഇഎൻഎ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) വാങ്ങുന്നതുൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക അനുമതികളും വീണ്ടും നേടിയെടുക്കേണ്ടി വന്നതും നടപടികൾ വൈകിപ്പിച്ചു. ഇതിനിടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉത്പാദനത്തിനാവശ്യമായ മൂന്ന് ലക്ഷം ലിറ്റർ ഇഎൻഎ ലഭ്യമായിട്ടുണ്ട്. ഗ്രേപ് സ്പിരിറ്റ് കൂടി എത്തുന്നതോടെ പൂർണ്ണതോതിലുള്ള ഉത്പാദനം ആരംഭിക്കും. പ്രതിദിനം 9,000 കെയ്സ് മദ്യം നിർമിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ അര ലിറ്റർ കുപ്പികളിലായാണ് മിന്നൽ മാജിക് ബ്രാൻഡി വിപണിയിലെത്തുക