കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കും നിർമലം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
സീറോ വേസ്റ്റ് സംസ്‌ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ നിർമലം പുതുയുഗ ശുചിത്വ കേരളം സംസ്ഥാനതല ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു
സീറോ വേസ്റ്റ് സംസ്‌ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ നിർമലം പുതുയുഗ ശുചിത്വ കേരളം സംസ്ഥാനതല ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു
എറണാകുളം: കേരളത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'നിർമലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നോർത്ത് പറവൂരിലെ സണ്ണി കൺവെൻഷൻ സെന്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലക്ഷക്കണക്കിന് മലയാളികൾ വിദേശരാജ്യങ്ങളിൽ ജീവിക്കുന്നുണ്ട്. അവിടെയെല്ലാം കൃത്യമായ ശുചിത്വ സംവിധാനങ്ങളോട് പൂർണ്ണമായി സഹകരിക്കാനും റോഡിൽ ഒരു മിഠായി കടലാസോ ടിഷ്യൂ പേപ്പറോ പോലും ഇടാതെ നടക്കാനും നിയമങ്ങൾ പാലിക്കാനും അവർ ശ്രദ്ധിക്കുന്നു. ഈ ശുചിത്വ സംസ്കാരം നമ്മുടെ നാട്ടിലും ശീലമായി മാറണം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന നിർമലം ക്യാമ്പയിൻ ഒരു കർമ്മ പരിപാടി കൂടിയാണ്. ടൈം ഫ്രെയിം ലക്ഷ്യമാക്കിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മാലിന്യ സംസ്കരണമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഏത് സ്ഥലത്ത് നോക്കിയാലും മാലിന്യങ്ങൾ കാണാത്ത തരത്തിലുള്ള ഒരു "സീറോ വേസ്റ്റ്" സംസ്ഥാനമായി കേരളം മാറണം. ഇ-വേസ്റ്റ്, കെമിക്കൽ വേസ്റ്റ് തുടങ്ങിയ പുതിയ തരം മാലിന്യങ്ങൾ വർദ്ധിച്ചു വരികയാണ്. ഇവയെല്ലാം ശാസ്ത്രീയമായി സംസ്കരിക്കാൻ ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകും. അജൈവ-ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ ശാസ്ത്രീയമായി എങ്ങനെ സംസ്കരിക്കാമെന്നും, വീടുകളിൽ ചെയ്യാൻ പറ്റാത്തവ ശേഖരിച്ച് അവയുടെ അവസാന ഡെസ്റ്റിനേഷൻ പോയിന്റിൽ എത്തിക്കുന്നത് വരെയുള്ള കാര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഏകോപിപ്പിക്കും. മാലിന്യം വേസ്റ്റ് അല്ല, അത് വെൽത്ത് (ധനം) ആണ് എന്ന കാഴ്ചപ്പാടിലേക്ക് സമൂഹം മാറണം.മറ്റ് വികസിത രാജ്യങ്ങളിലെപ്പോലെ, തിരക്കേറിയ റോഡിലൂടെ പോയാൽ പോലും മാലിന്യ വാഹനമാണെന്ന് തിരിച്ചറിയാത്ത വിധം പൂർണ്ണമായി മൂടിയ (Covered) വാഹനങ്ങളിൽ ആയിരിക്കണം മാലിന്യങ്ങൾ ഡെസ്റ്റിനേഷൻ പോയിന്റിലേക്ക് കൊണ്ടുപോകേണ്ടത്.
മാലിന്യ സംസ്കരണ മാതൃകകൾ പഠിക്കാൻ ജനപ്രതിനിധികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിന് പകരം വരും വർഷങ്ങളിൽ അതിനേക്കാൾ മികച്ച ബെസ്റ്റ് മോഡൽ പ്ലാന്റുകൾ (വേസ്റ്റ് ടു പവർ പ്ലാന്റുകൾ അടക്കം) കേരളത്തിൽ തന്നെ യാഥാർത്ഥ്യമാക്കും. മറ്റ് സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കേരളത്തിലേക്ക് പഠനത്തിനായി വരുന്ന തരത്തിലേക്ക് അടുത്ത രണ്ടുമൂന്ന് വർഷത്തിനുള്ളിൽ മാറ്റം കൊണ്ടുവരും.
മാലിന്യ സംസ്കരണ പദ്ധതികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ മുഴുവൻ സാമ്പത്തിക സഹായവും എൽ.എസ്.ജി.ഡി നൽകും. മാലിന്യ നിർമാർജ്ജത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പ്രോജക്റ്റുകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. 'കടലാസ് കമ്പനികളെ' ജാഗ്രതയോടെ മാറ്റിനിർത്തി, മികച്ച അനുഭവസമ്പത്തുള്ള കമ്പനികളെ പഠിച്ച് മാത്രമേ ചുമതലയേൽപ്പിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
താൽക്കാലികമായ ഒരു ക്യാമ്പയിൻ എന്നതിലുപരി, അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശുചിത്വ സംസ്ഥാനമാക്കി മാറ്റിയെടുക്കാനുള്ള മഹായജ്ഞമാണ് 'നിർമ്മലം' പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. മാലിന്യ സംസ്കരണത്തിന്റെ കേന്ദ്രം തദ്ദേശ സ്ഥാപനങ്ങളല്ല, മറിച്ച് സ്വന്തം വീടുകളാണ്. കുട്ടികളെ പരീക്ഷയിലെ മാർക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിപ്പിക്കാതെ സ്വന്തം മുറിയും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കാനും, മാലിന്യങ്ങൾ തരംതിരിക്കാനും പഠിപ്പിക്കണം. ജൈവ, അജൈവ, ദ്രവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് തന്നെ കൃത്യമായി വേർതിരിച്ചു നൽകിയില്ലെങ്കിൽ എത്ര കോടികൾ മുടക്കിയാലും മാലിന്യ സംസ്കരണം സാധ്യമാകില്ല. ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്തമാണിതെന്നും മന്ത്രി ഓർമിപ്പിച്ചു.
സംസ്ഥാനത്തെ ഓരോ വാർഡിലും ഏതെങ്കിലും ഒരു പൊതുസ്ഥലം തിരഞ്ഞെടുത്ത് 100 ദിവസം കൊണ്ട് വൃത്തിയാക്കുന്ന പദ്ധതി നടപ്പിലാക്കും. ഇതുവഴി 100 ദിവസത്തിനകം സംസ്ഥാനത്താകെ ഇരുപതിനായിരത്തിലധികം 'ഗ്രീൻ പോയിന്റുകൾ' സൃഷ്ടിക്കാൻ സാധിക്കും. കൂടാതെ ഓരോ പഞ്ചായത്തിലും രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവും അത് സംസ്കരിക്കുന്ന രീതികളും പരിശോധിച്ച് കൃത്യമായ കണക്കെടുപ്പ് നടത്തും. ശുചിത്വ മേഖലയിൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിനുള്ളിൽ തന്നെ മികച്ച മാതൃകകൾ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി ഒരു ജില്ലയെ പൂർണ്ണമായും മാതൃകാ ജില്ലയായി ഉയർത്തിക്കൊണ്ടുവരുമെന്നും, വകുപ്പിലെ ഉദ്യോഗസ്ഥരും മന്ത്രിയും ജാഗരൂകരായി പദ്ധതിക്ക് പിന്നിലുണ്ടാകുമെന്നും, മന്ത്രി ഉറപ്പു നൽകി
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ക്യാമ്പയിൻ വിശദീകരണം നടത്തി. മാലിന്യസംസ്കരണ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നൂറുശതമാനം മാലിന്യസംസ്കരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, ഉറവിടത്തിൽത്തന്നെ മാലിന്യം തരംതിരിക്കുക, ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് ക്യാമ്പയിൻ പ്രാധാന്യം നൽകും.
മാലിന്യസംസ്കരണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ പൗരന്റെയും പങ്കാളിത്തം അനിവാര്യമാണെന്നസന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സംയോജിത പങ്കാളിത്തത്തിലൂടെ സുസ്ഥിരമായ മാലിന്യപരിപാലന സംവിധാനം ഉറപ്പാക്കും.
ഉദ്ഘാടന ചടങ്ങിൽ ക്യാമ്പയിൻ ലോഗോയും പദ്ധതി രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്ലാസ്റ്റിക് റീസൈക്ലിങ് പോളിസി 2026 ശുദ്ധീകരിച്ച മലിനജലം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള നയം (Safe Reuse of Treated Wastewater Policy 2026)മന്ത്രി കെ എം ഷാജി പ്രകാശനം ചെയ്തു, എസ് ഒ പി ഫോർ ക്ലീൻ പബ്ലിക് ടോയ്‌ലറ്റ്സ് പ്രകാശനം, എസ് ഡബ്ല്യു എം റൂൾസ് 2026 ജനപ്രതിനിധികൾക്കായുള്ള പരിശീലന മൊഡ്യൂൾ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്തു.
ഹൈബി ഈഡൻഎം.പി,എം എൽ എമാരായ അൻവർ സാദത്ത്,മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി,എന്നിവർ മുഖ്യാതിഥികളായി.നോർത്ത് പറവൂർ നഗരസഭാ ചെയർപേഴ്സൺ രമേശ് ഡി. കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്‌ണൻ, ജില്ലാ കളക്ടർ ജിപ്രിയങ്ക,കേരള മുനിസിപ്പൽ ചെയർപേഴ്സൺസ് ചേംബർ ചെയർപേഴ്‌സൺ എം പി ജാക്സൺ,കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് അനിൽ അക്കര, വൈസ് ചെയർപേഴ്സൺ ജമാൽ മണർക്കാടൻ,പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ആർ സൈജൺ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ്, പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയുമായ ഡി ധർമലശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ ഡയറക്ടർ സൂഫിയാൻ അഹമ്മദ്,മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ് ശ്രീകല, ക്ലീൻ കേരള മാനേജിങ് ഡയറക്ടർ ജി കെ സുരേഷ് കുമാർ, എം എസ് റെജി, റോഷൻ ജേക്കബ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കാൻവാസിൽ ഗാന്ധിസ്മരണയൊരുക്കി ഭിന്നശേഷി കുട്ടികൾ ഗാന്ധി പാർക്കിൽ പ്രൗഢഗംഭീരമായ ദിനാചരണം
കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കും നിർമലം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ
റേഷൻ കടകളിൽ സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു ഒക്ടോബർ 31 വരെ അപേക്ഷിക്കാം
വടകര സാന്റ്ബാങ്ക്സ് മിനി ആംഫി തിയേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ വികസിപ്പിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്
മത്സരയോട്ടം തടയാൻ റോഡിലിറങ്ങി എംവിഡി സ്ക്വാഡ് 80 കേസുകൾ, ലക്ഷത്തിലധികം രൂപ പിഴ