നൈജീരിയൻ ലഹരി സംഘവുമായും ബന്ധം നെടുമ്പാശേരി എം.ഡി.എം.എ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
നെടുമ്പാശേരി അത്താണിയിൽ കാറിൽ നിന്നും 22.17 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ പ്രധാന പ്രതി കോഴിക്കോട് സ്വദേശി അഭിനവ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തു
നെടുമ്പാശേരി എം.ഡി.എം.എ കേസ് പ്രധാന കണ്ണിയായ കോഴിക്കോട് സ്വദേശി അഭിനവ് രാജ് പിടിയിൽ
നെടുമ്പാശേരി: അത്താണിയിൽ കാറിൽ കടത്തുകയായിരുന്ന മാരക രാസലഹരിയായ എം.ഡി.എം.എയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഇടക്കാട് കായനാരി വീട്ടിൽ അഭിനവ് രാജ് (26) നെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ നാലിന് രാത്രി അത്താണി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡാഷ്ബോർഡിൽ പ്രത്യേക അറ നിർമ്മിച്ച് ഒളിപ്പിച്ച നിലയിൽ 22.17 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അഭിനവ് രാജ്. ലഹരി കടത്തുമായി ബന്ധപ്പെട്ട് സംഭവദിവസം തന്നെ റിസ്വാൻ, വിക്ടർ ജോസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് അന്താരാഷ്ട്ര ലഹരി സംഘത്തിലെ നൈജീരിയൻ സ്വദേശിയുമായി നേരത്തെ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
പ്രതിയായ അഭിനവ് രാജിനെതിരെ കോഴിക്കോട് കസബ, ഇലത്തൂർ പോലീസ് സ്റ്റേഷനുകളിലും മുൻപ് മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. നെടുമ്പാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺ രാജ്, വി.കെ. രാജു, എ.എസ്.ഐ റോണി അഗസ്റ്റിൻ, സി.പി.ഒ മുഹമ്മദ് അസർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.