എക്‌സാലോജിക് കേസ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു

സിഎംആർഎൽ–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു. വിജിലൻസ് എഫ്.ഐ.ആറിന് പിന്നാലെ രണ്ട് ECIR കൾ രജിസ്റ്റർ ചെയ്താണ് ഇ.ഡി നടപടി.

എക്‌സാലോജിക് കേസ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു
എക്‌സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു

എക്‌സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു; രണ്ട് ECIR രജിസ്റ്റർ ചെയ്തു

​കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) രണ്ട് ഇസിഐആറുകളാണ് (Enforcement Case Information Report) ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

​നേരത്തെ ഇരുവർക്കുമെതിരെ സംസ്ഥാന വിജിലൻസ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡിക്ക് നേരിട്ട് അന്വേഷണം നടത്താൻ അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് ഐ.പി.സി വകുപ്പുകൾ പ്രകാരമോ ഉള്ള ഒരു പ്രാഥമിക കേസ് (Scheduled Offense) ആവശ്യമാണ്. വിജിലൻസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതോടെ ഇ.ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം നീങ്ങുകയായിരുന്നു.

​പി.എം.എൽ.എ നിയമത്തിന്റെ പരിധിയിൽ വരുന്ന സാമ്പത്തിക ഇടപാടുകൾ, വിദേശ സാമ്പത്തിക ബന്ധങ്ങൾ, ഹവാല ശൃംഖലകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇ.ഡി അന്വേഷണം നടത്തുക. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലുകൾ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO), രജിസ്ട്രാർ ഓഫ് കമ്പനീസ് (ROC) എന്നിവയുടെ റിപ്പോർട്ടുകൾ, വിജിലൻസിന്റെ കണ്ടെത്തലുകൾ എന്നിവ കേന്ദ്ര ഏജൻസി വിശദമായി പരിശോധിക്കും.

​സിഎംആർഎൽ കമ്പനി എക്സാലോജിക്കിനു കൈമാറിയ തുകയുടെ കൃത്യമായ ഉറവിടം, ഈ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കോ ബെനാമി സ്ഥാപനങ്ങളിലേക്കോ മാറ്റിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിൽ വരും.

​സമൻസുകൾ ഉടൻ; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും

​അടുത്ത ഘട്ടത്തിൽ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വ്യക്തികൾക്കും ഇ.ഡി സമൻസ് അയച്ചുതുടങ്ങും. വീണ വിജയൻ, സിഎംആർഎൽ ഉന്നത ഉദ്യോഗസ്ഥർ, സാമ്പത്തിക ഇടപാടുകൾക്ക് മധ്യസ്ഥത വഹിച്ചവർ, ബന്ധപ്പെട്ട മറ്റ് ജനപ്രതിനിധികൾ എന്നിവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും.

​അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി തെളിയുകയും അതുവഴി സ്വത്തുക്കൾ സമ്പാദിച്ചതായി കണ്ടെത്തുകയും ചെയ്താൽ പി.എം.എൽ.എ സെക്ഷൻ 5 പ്രകാരം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടാനും ഇ.ഡിക്ക് അധികാരമുണ്ട്.

​അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകുന്ന അപ്പീലുകളിൽ ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടാകുന്ന തീരുമാനങ്ങളും വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികളും അനുസരിച്ചായിരിക്കും ഇ.ഡി നീക്കങ്ങളുടെ വേഗത നിർണയിക്കപ്പെടുന്നത്