അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലനത്തിന് സമാപനം

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ റോഷ്നി പദ്ധതിയിലൂടെ അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 10 ദിവസത്തെ മധുബനി ചിത്രകലാ പരിശീലനം സമാപിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.

അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലനത്തിന് സമാപനം
ജില്ലാ ഭരണകൂടം അതിഥി വിദ്യാർത്ഥികൾക്കായി നടപ്പാക്കിവരുന്ന റോഷ്നി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ബിഹാറിലെ പുരാതന ചിത്രകലാരൂപമായ മധുബനി ചിത്രകല പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ കളക്‌ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു.

റോഷ്നി പദ്ധതി: അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലനത്തിന് സമാപനം

​കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടം അതിഥി വിദ്യാർത്ഥികൾക്കായി നടപ്പാക്കിവരുന്ന 'റോഷ്നി' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലന പരിപാടിക്ക് സമാപനമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ബിഹാറിലെ പുരാതനമായ പരമ്പരാഗത ചിത്രകലാരൂപമാണ് മധുബനി.

​പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിത്രങ്ങളും മറ്റ് കരകൗശല വസ്തുക്കളും ഉൾപ്പെടുത്തി കൊച്ചി മെട്രോയിൽ വിപുലമായ പ്രദർശനം സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിവിധ പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ച് ഈ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും, അതിലൂടെ വിദ്യാർത്ഥികൾക്ക് ചെറിയ വരുമാനം ഉറപ്പാക്കാനുമുള്ള സാധ്യതകൾ പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

​പഠനത്തോടൊപ്പം അതിഥി വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യം കൂടി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് 10 ദിവസം നീണ്ടുനിന്ന പണിപ്പുര സംഘടിപ്പിച്ചത്. നോർത്ത് ഇടപ്പള്ളി കുന്നുംപുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു പരിശീലനം. പദ്ധതിക്ക് കീഴിലെ അഞ്ച് സ്കൂളുകളിൽ നിന്നായി 31 അതിഥി വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു.

​ബിഹാറിൽ നിന്നുള്ള പ്രമുഖ മധുബനി കലാകാരന്മാരായ ചന്ദ്രകാന്ത് കുമാർ ബാരി, ലളിത ദത്ത എന്നിവരാണ് വിദ്യാർത്ഥികൾക്ക് നേരിട്ടെത്തി പരിശീലനം നൽകിയത്. ചടങ്ങിൽ പരിശീലകർക്കും പങ്കെടുത്ത വിദ്യാർത്ഥികൾക്കും ജില്ലാ കളക്ടർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

​അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ, റോഷ്നി പദ്ധതി ജനറൽ കോ-ഓർഡിനേറ്റർ സി.കെ. പ്രകാശ്, അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. ജയശ്രി കുളക്കുന്നത്ത്, ബി.പി.സി.എൽ കൊച്ചി റിഫൈനറി സി.എസ്.ആർ സീനിയർ മാനേജർ ആർ. രാജീവ്, റോഷ്നി പദ്ധതി വോളന്റിയർ ദറക്ഷ പർവീൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.