മികച്ച വിദ്യാഭ്യാസം ജീവിത വിജയത്തിന് അടിസ്ഥാനം മന്ത്രി റോജി എം. ജോൺ

ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 123 വിദ്യാർത്ഥികൾക്ക് ചിറക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസം പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാർഗമാണെന്ന് മന്ത്രി റോജി എം. ജോൺ.

മികച്ച വിദ്യാഭ്യാസം ജീവിത വിജയത്തിന് അടിസ്ഥാനം മന്ത്രി റോജി എം. ജോൺ
എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു. ദീപക് ജോയി എം.എൽ. എ, ജില്ലാ കളക്ടർ ജി.പ്രിയങ്ക, എ.ഡി.എം കെ മനോജ് തുടങ്ങിയവർ സമീപം.
മികച്ച വിദ്യാഭ്യാസം ജീവിത വിജയത്തിന് അടിസ്ഥാനം മന്ത്രി റോജി എം. ജോൺ

മികച്ച വിദ്യാഭ്യാസം ജീവിത വിജയത്തിന് അടിസ്ഥാനം: മന്ത്രി റോജി എം. ജോൺ; 'ചിറക്' പുരസ്കാരങ്ങൾ വിതരണം ചെയ്തു

​കൊച്ചി: ജീവിതത്തിലെ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിക്കാനും ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരിച്ച് വിജയം നേടാനുമുള്ള അടിസ്ഥാനപരമായ മാർഗം മികച്ച വിദ്യാഭ്യാസമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പ്രസ്താവിച്ചു. ജില്ലയിലെ 48 ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'ചിറക്' പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു ചടങ്ങ്.

​പോരായ്മകളെയും പരിമിതികളെയും അതിജീവിക്കാൻ കഠിനമായ പരിശ്രമവും വ്യക്തമായ ലക്ഷ്യബോധവും അനിവാര്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ പിന്നാക്കം പോയതിനു ശേഷം സർവ്വകലാശാലാ തലത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥികളുടെ മാതൃക ചൂണ്ടിക്കാണിച്ച അദ്ദേഹം, ഉന്നത വിദ്യാഭ്യാസ രംഗത്ത് തളരാതെ മുന്നേറേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

​ചടങ്ങിൽ 123 വിദ്യാർത്ഥികൾ മന്ത്രിയിൽ നിന്ന് അവാർഡുകളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. ചൈൽഡ് വെൽഫെയർ കമ്മിറ്റി എറണാകുളം, ജില്ലാ ഭരണകൂടം, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

​ജില്ലാ കളക്ടർ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപക് ജോയ് എം.എൽ.എ, ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ. കെ. ഷാജു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ എ.ജി.എം ലത്തീഫ് കാസിം മുഖ്യതിഥിയായി പങ്കെടുത്തു. എ.ഡി.എം കെ. മനോജ്, വനിതാ ശിശുവികസന ഓഫീസ് സീനിയർ സൂപ്രണ്ട് സി. എ. സാബിർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ഉല്ലാസ് മധു, അംഗങ്ങളായ എം. ശ്രീലക്ഷ്മി, ജിൻസിമോൾ കുര്യൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഡോ. ജയന്തി പി. നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.