പ്രളയധനസഹായ വിതരണം ആലപ്പുഴയിൽ 37,552 പേർക്ക് 10,000 രൂപ വീതം അനുവദിച്ചു

2026 ലെ പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച ആലപ്പുഴ ജില്ലയിലെ 37,552 കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം അനുവദിച്ചു. ബാക്കി തുക ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ.

പ്രളയധനസഹായ വിതരണം ആലപ്പുഴയിൽ 37,552 പേർക്ക് 10,000 രൂപ വീതം അനുവദിച്ചു
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

പ്രളയധനസഹായ വിതരണം 37,552 പേർക്ക് ധനസഹായം അനുവദിച്ചു

ആലപ്പുഴ: 2026-ലെ കാലവർഷക്കെടുതിയിൽ പ്രളയജലം കയറിയോ, മണ്ണിടിച്ചിൽ/ഉരുൾപൊട്ടൽ മൂലം വീടുകളിൽ മണ്ണും ചെളിയും കയറി നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് വീട് വൃത്തിയാക്കാനുള്ള ധനസഹായമായി റേഷൻ കാർഡ് ഒന്നിന് 10,000 രൂപ നൽകുന്നതിന് ഉത്തരവായിരുന്നു. ധനസഹായത്തിൽ 5,000 രൂപ സംസ്ഥാന ദുരന്ത നിവാരണ വിഹിതമായും 5,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുന്നതിന് ഉത്തരവായിട്ടുള്ളതാണ്; ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്‌ വിഹിതമായി 47,93,93,500 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഹിതമായി 32,13,35,000/- രൂപയും സർക്കാർ അനുവദിച്ചു. ജില്ലയിൽ 2026 ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ നിലവിൽ കലക്ടറേറ്റിൽ നടപടി സ്വീകരിച്ചു വരുന്ന അപേക്ഷകർ 46555 പേരാണ്; ഇതിൽ 37552 പേർക്ക് ജില്ലാ കളക്ടർ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ്, ഫോൺ നമ്പർ അപാകതകൾ കാരണം 3,313 അപേക്ഷകൾ തിരിച്ചയക്കുകയും 5,690 അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കായി തഹസിൽദാർമാർക്ക് തിരികെ അയച്ചിട്ടുമുണ്ട്. പുതുതായി 4,757 അപേക്ഷകളും ലഭിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച കേസുകളുടെ എണ്ണം 5,054 ആണ്. മേൽ ധനസഹായം അനുവദിച്ച 37552 അപേക്ഷകരിൽ അവശേഷിക്കുന്ന സി എം ഡി ആർ എഫ് ഗുണഭോക്താക്കളുടെ വിഹിതം വിതരണം ചെയുന്നത് ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

പ്രളയജലം കയറി ദുരിതം ബാധിച്ച ഓരോ കുടുംബത്തിനും ഒരു റേഷൻ കാർഡിന് (2 മുതിർന്ന വ്യക്തികൾക്ക് പ്രതിദിനം 300/- രൂപ വീതം) 7 ദിവസത്തേക്കുള്ള ധനസഹായം അനുവദിച്ചും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ഹോംസ്റ്റേകൾക്കും 10,000 രൂപ വീതം അനുവദിച്ചും ഉത്തരവായിട്ടുള്ളതും ആയതിനുള്ള ധനസഹായ വിതരണത്തിനു താലൂക്ക് തലത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നതുമാണെന്നു ജില്ലാ കളക്ടർ അറിയിച്ചു.