ഡിജിറ്റൽ സർവകലാശാല ബോർഡ് തീരുമാനങ്ങൾ ഗവർണർ തടഞ്ഞു; രേഖകൾ ഹാജരാക്കാൻ വിസിക്ക് അടിയന്തര നിർദേശം
കാലാവധി കഴിഞ്ഞ ചെയർമാൻ വിളിച്ചുചേർത്ത ഡിജിറ്റൽ സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് യോഗത്തിലെ തീരുമാനങ്ങൾ ഗവർണർ തടഞ്ഞു. രേഖകൾ ഹാജരാക്കാൻ വിസിക്ക് നിർദേശം നൽകി.
ഡിജിറ്റൽ സർവകലാശാല ബോർഡ് തീരുമാനങ്ങൾ ഗവർണർ തടഞ്ഞു; രേഖകൾ ഹാജരാക്കാൻ വിസിക്ക് നിർദേശം
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ കാലാവധി കഴിഞ്ഞ വിവരം മറച്ചുവച്ച് ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാൻ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് ചാൻസലർ കൂടിയായ ഗവർണർ തടഞ്ഞു. മെയ് 29-ന് ചേർന്ന യോഗത്തിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും രാജ്ഭവനിൽ ഹാജരാക്കാൻ സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. സജി ഗോപിനാഥിന് ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. ആവശ്യത്തിന് ക്വോറം തികയാതെയാണ് യോഗം ചേർന്നതെന്നും, കാലാവധി കഴിഞ്ഞ വ്യക്തി അധ്യക്ഷത വഹിച്ചതിനാൽ മെയ് 29-ലെ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗവും അതിലെ തീരുമാനങ്ങളും പൂർണ്ണമായും അസാധുവാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
2021 നവംബറിൽ ഡിജിറ്റൽ സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാനായി ചുമതലയേറ്റ കർണാടക സ്വദേശി പ്രൊഫ. വിജയ് ചന്ദ്രുവിന്റെ കാലാവധി 2024-ൽ അവസാനിച്ചിരുന്നതായാണ് വിവരം. ഇതിനുശേഷം ഇദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിട്ടില്ല. നിയമവിരുദ്ധമായാണ് പ്രൊഫ. വിജയ് ചന്ദ്രു പദവിയിൽ തുടരുന്നതെന്നും ബോർഡ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നതെന്നുമാണ് ഉയർന്നുവന്ന പ്രധാന ആക്ഷേപം. കൂടാതെ, ഔദ്യോഗിക അംഗങ്ങൾ ഒഴികെയുള്ള മറ്റ് ബോർഡ് അംഗങ്ങളുടെ കാലാവധിയും അവസാനിച്ച നിലയിലാണ്.
എന്നാൽ, സർവകലാശാല നിയമത്തിൽ ചെയർമാന് പ്രത്യേക കാലാവധി നിശ്ചയിച്ചിട്ടില്ലെന്ന നിലപാടാണ് വൈസ് ചാൻസലർ സ്വീകരിച്ചിരിക്കുന്നത്. ഗവർണറുടെ പുതിയ ഇടപെടലോടെ ഡിജിറ്റൽ സർവകലാശാലയിലെ ഭരണപരമായ തീരുമാനങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.