കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യയാത്ര ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം, സ്മാർട്ട് കാർഡും പരിഗണനയിൽ

കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്കുള്ള സൗജന്യയാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കും. പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും സ്മാർട്ട് കാർഡ് ഏർപ്പെടുത്തുന്നതും സർക്കാർ പരിശോധിക്കുന്നു.

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യയാത്ര ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം, സ്മാർട്ട് കാർഡും പരിഗണനയിൽ
കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യയാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം

​കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യയാത്ര: ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം; 100 ദിവസത്തെ പഠനത്തിന് ശേഷം അടുത്ത ഘട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കാൻ തീരുമാനം. പദ്ധതി ആരംഭിച്ച് 100 ദിവസത്തെ കൃത്യമായ പഠനത്തിന് ശേഷമായിരിക്കും രണ്ടാംഘട്ട വ്യാപനത്തെക്കുറിച്ച് ആലോചിക്കുക. പദ്ധതി നടപ്പാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും അത് സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിനുള്ള രീതികളും നിശ്ചയിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി നിർണായക ചർച്ച നടത്തി.

​പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടം സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ഗതാഗത വകുപ്പിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൂന്ന് മാസത്തെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. എല്ലാ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ 112 കോടി രൂപയുടെ നഷ്ടമാണുണ്ടാകുക. എന്നാൽ ഓർഡിനറി ബസുകളിൽ മാത്രമാക്കുമ്പോൾ ഇത് 57 കോടിയായി ചുരുങ്ങും. സിറ്റി ഫാസ്റ്റും ഓർഡിനറിയും ഉൾപ്പെടുത്തിയാൽ 65 കോടിയും, ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണെങ്കിൽ 90 കോടി രൂപയുമാണ് മൂന്ന് മാസത്തെ നഷ്ടം കണക്കാക്കുന്നത്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിന് പുറമെ ഈ തുക കൂടി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടി വരും.

​സംസ്ഥാനത്ത് പ്രതിദിനം 10 ലക്ഷം മുതൽ 12 ലക്ഷം വരെ സ്ത്രീകളാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത് എന്നാണ് കണക്കുകൾ. പദ്ധതി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി തിരിച്ചറിയൽ രേഖകൾ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് കാർഡ് സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ സജീവമായി ആലോചിക്കുന്നുണ്ട്.