പ്രണയപ്പൂക്കൾക്കിടയിൽ മായാത്ത രക്തനക്ഷത്രങ്ങൾ പുൽവാമയുടെ നൊമ്പരത്തിന് ഇന്ന് ഏഴ് ആണ്ട്

2019 ഫെബ്രുവരി 14 ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം. 40 സി.ആർ.പി.എഫ് ജവാന്മാരുടെ ഓർമ്മ പുതുക്കി ഭാരതം.

പ്രണയപ്പൂക്കൾക്കിടയിൽ മായാത്ത രക്തനക്ഷത്രങ്ങൾ പുൽവാമയുടെ നൊമ്പരത്തിന് ഇന്ന് ഏഴ് ആണ്ട്
പ്രണയപ്പൂക്കൾക്കിടയിൽ മായാത്ത രക്തനക്ഷത്രങ്ങൾ പുൽവാമയുടെ നൊമ്പരത്തിന് ഇന്ന് ഏഴ് ആണ്ട്

പ്രണയപ്പൂക്കൾക്കിടയിൽ മായാത്ത രക്തനക്ഷത്രങ്ങൾ; പുൽവാമയുടെ നൊമ്പരത്തിന് ഇന്ന് ഏഴ് ആണ്ട്

ശ്രീനഗർ/ന്യൂഡൽഹി: ലോകം പ്രണയത്തിന്റെ മധുരം നുകരാൻ പൂക്കളും സമ്മാനങ്ങളും കൈമാറുന്ന ഫെബ്രുവരി 14, ഓരോ ഭാരതീയന്റെയും ഉള്ളിൽ ഇന്നും ഒരു വിങ്ങലാണ്. 2019-ലെ ആ തണുത്ത വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കാശ്മീരിലെ പുൽവാമയിൽ നിന്നും വന്ന വാർത്ത രാജ്യത്തെ ഒന്നടങ്കം സ്തബ്ധരാക്കി. ഭാരതാംബയുടെ 40 ധീരപുത്രന്മാർ മാതൃരാജ്യത്തോടുള്ള അടങ്ങാത്ത പ്രണയത്തിനായി സ്വന്തം ജീവൻ ബലി നൽകിയ ദിനം.

അവധി കഴിഞ്ഞ് പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് മടങ്ങിയവരും, വരും ദിവസങ്ങളിൽ വീട്ടിലെത്താൻ കാത്തിരുന്നവരുമായിരുന്നു ആ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള ദേശീയപാതയിലൂടെ 78 വാഹനങ്ങളിലായി 2500-ഓളം ജവാന്മാർ നീങ്ങുകയായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 3:15-ഓടെ അവന്തിപ്പോറയ്ക്ക് സമീപം ലത്തീപോറയിൽ വെച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് ഭീകരർ ഇടിച്ചു കയറ്റി. നിമിഷനേരം കൊണ്ട് ആ പ്രദേശം അക്ഷരാർത്ഥത്തിൽ ഒരു യുദ്ധക്കളമായി മാറി.

ചിതറിത്തെറിച്ച വാഹനഭാഗങ്ങൾക്കിടയിൽ ചോരയിൽ കുതിർന്ന യൂണിഫോമുകളും പാതിവഴിയിൽ നിലച്ചുപോയ ഫോൺ വിളികളും ആ ദുരന്തത്തിന്റെ ആഴം വിളിച്ചോതി. പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ അയക്കുന്ന തിരക്കിലായിരുന്ന പലർക്കും അത് അവരുടെ അവസാന സന്ദേശങ്ങളായി മാറി. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ആ 40 ജവാന്മാരിൽ നമ്മുടെ സ്വന്തം മണ്ണായ കേരളത്തിൽ നിന്നുള്ള വി.വി. വസന്തകുമാറും ഉണ്ടായിരുന്നു എന്നത് മലയാളികളുടെയും നോവായി മാറി.

​ഈ ചതിക്ക് പകരമായി ഭാരതം പന്ത്രണ്ടാം ദിവസം നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണം നമ്മുടെ സൈന്യത്തിന്റെ കരുത്തും നിശ്ചയദാർഢ്യവുമാണ് ലോകത്തിന് കാട്ടിക്കൊടുത്തത്. എങ്കിലും, ഓരോ വർഷവും ഫെബ്രുവരി 14 കടന്നുപോകുമ്പോൾ ആഘോഷങ്ങൾക്കിടയിലും ആ ധീരബലിദാനികളുടെ മുഖങ്ങൾ ഓരോ ഭാരതീയന്റെയും മനസ്സിൽ തെളിയും.

ഇന്ന് രാജ്യം ആ ധീരർക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ്. അവർ മരിക്കുകയല്ല ചെയ്തത്, വരുംതലമുറയുടെ സമാധാനത്തിനായി സ്വന്തം ജീവിതം ബലി നൽകി നമ്മുടെ ഓർമ്മകളിൽ അമരത്വം പുൽകുകയായിരുന്നു. പ്രണയത്തിന്റെ ചുവപ്പിനേക്കാൾ, രാജ്യസ്നേഹത്തിന്റെ ആ കടുംചുവപ്പാണ് ഇന്ന് ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ജ്വലിച്ചു നിൽക്കുന്നത്