മൂവാറ്റുപുഴ നഗരസഭയിൽ ചെയർപേഴ്‌സൺ സെക്രട്ടറി പോര് മുറുകുന്നു ഒടുവിൽ സെക്രട്ടറി ആശുപത്രിയിൽ പരസ്പരം കടുത്ത ആരോപണങ്ങളുമായി ഇരുവിഭാഗവും

മൂവാറ്റുപുഴ നഗരസഭയിൽ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണിയും സെക്രട്ടറി എച്ച്. സിമിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വാദപ്രതിവാദങ്ങൾക്കൊടുവിൽ സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്പരം കടുത്ത ആരോപണങ്ങളുമായി ഇരുവിഭാഗവും രംഗത്ത്.

മൂവാറ്റുപുഴ നഗരസഭയിൽ ചെയർപേഴ്‌സൺ സെക്രട്ടറി പോര് മുറുകുന്നു ഒടുവിൽ സെക്രട്ടറി ആശുപത്രിയിൽ പരസ്പരം കടുത്ത ആരോപണങ്ങളുമായി ഇരുവിഭാഗവും
മൂവാറ്റുപുഴ നഗരസഭയിൽ ചെയർപേഴ്സൺ-സെക്രട്ടറി പോര് മുറുകുന്നു; വാദപ്രതിവാദങ്ങൾക്കൊടുവിൽ സെക്രട്ടറി ആശുപത്രിയിൽ

മൂവാറ്റുപുഴ നഗരസഭയിൽ ചെയർപേഴ്സൺ-സെക്രട്ടറി പോര് മുറുകുന്നു; വാദപ്രതിവാദങ്ങൾക്കൊടുവിൽ സെക്രട്ടറി ആശുപത്രിയിൽ

മൂവാറ്റുപുഴ: ഒരു മാസത്തിലേറെയായി മൂവാറ്റുപുഴ നഗരസഭയിൽ നിലനിൽക്കുന്ന ചെയർപേഴ്സൺ-സെക്രട്ടറി തർക്കം നാടകീയ സംഭവങ്ങളിലേക്ക് വഴിമാറി. കഴിഞ്ഞദിവസം ഇരുവർക്കുമിടയിൽ ഉണ്ടായ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ നഗരസഭ സെക്രട്ടറിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഭരണ-പ്രതിപക്ഷ വിഭാഗങ്ങൾ പരസ്പരം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ നഗരസഭയിലെ ഭരണപരമായ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

​കൗൺസിൽ പാസാക്കിയ പ്രത്യേക പ്രമേയത്തെ തുടർന്ന് കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി എച്ച്. സിമിയെ കളമശേരി നഗരസഭയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് മുന്നോടിയായി ബുധനാഴ്ച ജീവനക്കാർ സെക്രട്ടറിക്ക് യാത്രയയപ്പ് നൽകിയിരുന്നു. എന്നാൽ, ഈ യോഗത്തിൽ സെക്രട്ടറി ചെയർപേഴ്സനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും, ജീവനക്കാരെയും ഭരണസമിതിയെയും തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചെന്നുമാണ് ചെയർപേഴ്സൺ അനുകൂലികളുടെ വാദം. ഇതിന് മറുപടിയായി വ്യാഴാഴ്ച ചെയർപേഴ്സൺ ജീവനക്കാരുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് സെക്രട്ടറിയുടെ നടപടികളെ വിശദീകരിച്ചു. തൊട്ടുപിന്നാലെ സെക്രട്ടറി വീണ്ടും ജീവനക്കാരെ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചതോടെ ഒരു വിഭാഗം ജീവനക്കാർ യോഗം ബഹിഷ്കറിച്ച് ഇറങ്ങിപ്പോകുകയും ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ഈ നാടകീയ രംഗങ്ങൾക്കിടയിലാണ് സെക്രട്ടറി കുഴഞ്ഞുവീണത്.

​വ്യക്തിപരമായി അവഹേളിച്ചെന്ന് സെക്രട്ടറി എച്ച്. സിമി

​നഗരസഭ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണി ജീവനക്കാരുടെ യോഗത്തിൽ വെച്ച് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെക്രട്ടറി എച്ച്. സിമി ആരോപിച്ചു. കണ്ണൂരിൽ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തിന് സമാനമായ സാഹചര്യമാണ് മൂവാറ്റുപുഴ നഗരസഭയിൽ ചെയർപേഴ്സൺ സൃഷ്ടിച്ചതെന്നും അവർ പറഞ്ഞു. തനിക്കോ തന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, സ്ഥിരംസമിതി അധ്യക്ഷരായ ജിനു ആന്റണി, സി.എം. ഷുക്കൂർ എന്നിവരായിരിക്കും ഉത്തരവാദികളെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു. നിലവിൽ ആശുപത്രിയിൽ കഴിയുന്ന സെക്രട്ടറിക്ക് പിന്തുണയുമായി എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരും പാർട്ടി ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്.

​തുടർച്ചയായ വീഴ്ചകൾ കാരണമാണ് പ്രമേയം പാസാക്കിയതെന്ന് ചെയർപേഴ്സൺ

​അതേസമയം, നഗരസഭയുടെ ഭരണനിർവഹണത്തിൽ സെക്രട്ടറി തുടർച്ചയായി ഗുരുതരമായ വീഴ്ചകൾ വരുത്തിയ സാഹചര്യത്തിലാണ് കൗൺസിൽ നിയമപരമായി പ്രമേയം പാസാക്കിയതെന്ന് ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണി വ്യക്തമാക്കി. ഭരണപരമായ തീരുമാനങ്ങളെ അട്ടിമറിക്കുകയും ജനപ്രതിനിധികളുടെ അവകാശങ്ങളെ അവഗണിക്കുകയും ചെയ്ത സെക്രട്ടറിയുടെ നിലപാട് നഗരസഭയുടെ സുഗമമായ പ്രവർത്തനത്തെ ബാധിച്ചതായും അവർ ചൂണ്ടിക്കാട്ടി. സ്ഥലംമാറ്റ ഉത്തരവ് വന്നതിന് പിന്നാലെ ഇടതുപക്ഷ സംഘടനകളുമായി ചേർന്ന് സെക്രട്ടറി സമരനാടകം കളിക്കുകയാണെന്നും, നഗരസഭയുടെ അന്തസ്സും ജനവിശ്വാസവും സംരക്ഷിക്കാൻ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും ചെയർപേഴ്സൺ അറിയിച്ചു.