വിദ്യാർത്ഥികൾക്ക് കരുത്തായി ഉയരെ പദ്ധതി മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു
നാദാപുരം മണ്ഡലത്തിൽ കെ.എം. അഭിജിത് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി മന്ത്രി കെ. എ. തുളസി കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കലാ പഠന മികവ് ലക്ഷ്യമിട്ടാണ് പദ്ധതി.
സമഗ്ര വിദ്യാഭ്യാസ പദ്ധതി 'ഉയരെ' മന്ത്രി തുളസി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന 'ഉയരെ' സമഗ്ര വിദ്യാഭ്യാസ പദ്ധതി കല്ലാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് അവരിലെ പ്രിതിഭയെ വാര്‍ത്തെടുക്കുന്ന പദ്ധതിയാണ് ഉയരെയെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളെ ഉയരങ്ങളിലെത്തിച്ച് കുടുംബത്തിനും പഠിക്കുന്ന സ്‌കൂളിനും സമൂഹത്തിനും മുതല്‍ക്കൂട്ടാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുക, കരിയര്‍ ഗൈഡന്‍സ് നല്‍കുക, വിദ്യാര്‍ത്ഥികളുടെ അഭിരുചി കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെഎം അഭിജിത് എംഎല്‍എയുടെ നേതൃത്വത്തില്‍ എംഎല്‍എ കെയര്‍ വഴി വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്തത്. അധ്യാപകര്‍, അഭ്യസ്തവിദ്യരായ യുവാക്കള്‍, വിദ്യാഭാസ പ്രവര്‍ത്തകര്‍ തുടങ്ങിവരെ ഈ രംഗത്തെ വിദഗ്ധരെ ഏകോപിപ്പിച്ചുകൊണ്ട് കൂട്ടായ്മയിലൂടെയാണ് പദ്ധതി പ്രവര്‍ത്തിക്കുക.
ചടങ്ങില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുഴിയില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം. രഘുനാഥ്, വാര്‍ഡ് മെമ്പര്‍ സൗമ്യ, നാദാപുരം എഇഒ സി എച്ച്, സനൂപ്, പിടിഎ പ്രസിഡന്റ് എ ദിലീപ്കുമാര്‍, സുചിത്ര, കല്ലാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിന്‍സെന്റ് ജോസഫ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.