എല്ലാ പൊതുസ്ഥലങ്ങളും ഭിന്നശേഷി സൗഹൃദമാക്കും മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ
കേരളത്തെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ. കോതമംഗലം പീസ് വാലിയിൽ മദർ തെരേസ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
എല്ലാ പൊതുസ്ഥലങ്ങളും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ
കോതമംഗലം: കേരളത്തിലെ മുഴുവൻപൊതുസ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും പൊതുസ്ഥലങ്ങളും പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുന്ന ‘ബാരിയർ ഫ്രീ’ സംസ്ഥാനമായി ഉയർത്തുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെയും സാമൂഹ്യനീതി വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ കോതമംഗലം പീസ് വാലിയിൽ സംഘടിപ്പിച്ച മദർ തെരേസ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യ പ്രവർത്തനങ്ങളിൽ മദർ തെരേസ നൽകിയ മാതൃകയാണ് ഇന്നത്തെ സർക്കാരുകളുടെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് കരുത്ത് പകരുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നവർ അനുഭവിക്കുന്ന മാനസിക-സാമൂഹിക പ്രയാസങ്ങൾക്ക് പരിഹാരമായാണ് സർക്കാർ 'അൻപുവീട്' പദ്ധതിക്ക് രൂപം നൽകിയത്. തുടക്കത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ ആസൂത്രണം ചെയ്ത ഈ പദ്ധതി, ജനങ്ങളുടെ ആവശ്യപ്രകാരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, പരിചാരകർക്ക് നൽകിവരുന്ന ആശ്വാസധനം 600 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
പ്രമേഹം ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ പമ്പുകളും ഉയർന്ന ഗുണനിലവാരമുള്ള ഇൻസുലിൻ സപ്പോർട്ടും നൽകുന്ന പദ്ധതികൾ വകുപ്പ് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. സർക്കാർ ഫണ്ടുകളുടെ പരിമിതികൾ മറികടക്കാൻ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും പങ്കാളികളാക്കിക്കൊണ്ട് വലിയൊരു സാമൂഹിക മുന്നേറ്റത്തിന് സർക്കാർ തയ്യാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഷിബു തെക്കുംപുറം എം.എൽ.എ അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സനീറ നസീർ, വാർഡ് അംഗം ഷാൻ്റി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജെ. ജോൺ ജോഷി, ഒ.സി.ബി ചെയർമാൻ എൻ. അലി അബ്‌ദുളള, റെജി, ഒ.സി.ബി അംഗം ഫാ. ജോർജ് ജോഷ്വ, അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ആൻ്റണി സിജൻ മണുവേലിപ്പറമ്പിൽ, പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.