ബോർഡുമില്ല, മുന്നറിയിപ്പുമില്ല പാർക്ക് ചെയ്താൽ ഫോട്ടോയെടുത്ത് പിഴ എം.വി.ഡിയുടെ മിന്നൽ പരിശോധനയിൽ പ്രതിഷേധം

​രാമപുരം ടൗണിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) വൻതോതിൽ പിഴ ചുമത്തുന്നതിനെതിരെ വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധത്തിൽ. നോ പാർക്കിങ് ബോർഡുകൾ പോലുമില്ലാത്ത ഇടങ്ങളിൽ നിർത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്തു കൊണ്ടുപോയി പിഴയീടാക്കുന്ന നടപടി വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി ഉയരുന്നു.

ബോർഡുമില്ല, മുന്നറിയിപ്പുമില്ല പാർക്ക് ചെയ്താൽ ഫോട്ടോയെടുത്ത് പിഴ എം.വി.ഡിയുടെ മിന്നൽ പരിശോധനയിൽ പ്രതിഷേധം
റോഡരികിലെ പാർക്കിങ്ങിന് പിഴശിക്ഷമോട്ടോർ വാഹന വകുപ്പിനെതിരെ വ്യാപാരികൾ

​രാമപുരം: ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റോഡുവശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. കടകളിൽ കയറാനും മറ്റ് അത്യാവശ്യങ്ങൾക്കുമായി ആളുകൾ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫോട്ടോയെടുത്ത് പോകുന്നത്. വാഹനം പാർക്ക് ചെയ്യുന്ന സമയത്ത് ഉടമകൾ വിവരം അറിയാറില്ലെങ്കിലും, രണ്ട് ദിവസത്തിനകം മൊബൈൽ ഫോണിൽ സന്ദേശം വരുമ്പോഴാണ് പലരും പിഴയെക്കുറിച്ച് അറിയുന്നത്.

​മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി ടൗണിലെ വ്യാപാരികളെയാണ് ഏറെ ബാധിക്കുന്നത്. കടുത്ത പിഴ ഭയന്ന് ആളുകൾ ടൗണിലെ കടകളിലേക്ക് വരാൻ മടിക്കുകയാണെന്നും ഇത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഇത്തരം നടപടികൾ മൂലം ഉപഭോക്താക്കൾ മറ്റ് സ്ഥലങ്ങളിലെ കടകളെ ആശ്രയിക്കാൻ ഇടയാക്കുമെന്നും ഇവർ ആശങ്കപ്പെടുന്നു. സർക്കാരിലേക്ക് നികുതിയും മറ്റ് ഫീസുകളും കൃത്യമായി അടച്ച് വ്യാപാരം നടത്തുന്ന തങ്ങൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.

​ടൗണിന്റെ മിക്ക ഭാഗങ്ങളിലും 'നോ പാർക്കിങ്' ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇത്തരം ബോർഡുകൾ ഇല്ലാത്തയിടങ്ങളിൽ വണ്ടി നിർത്തിയാലും യാതൊരു മാനദണ്ഡവുമില്ലാതെ ഉദ്യോഗസ്ഥർ പിഴ ഈടാക്കുകയാണ്. കേവലം വരുമാനം കണ്ടെത്താനായി ജനങ്ങളെ ദ്രോഹിക്കുന്ന ഈ നടപടികൾ അവസാനിപ്പിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

​മോട്ടോർ വാഹന വകുപ്പിന്റെ പിഴ ഈടാക്കലിനെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളായ സിജി മിറ്റത്താനി (പ്രസിഡന്റ്), ജോർജ് കുരിശുംമൂട്ടിൽ (ജനറൽ സെക്രട്ടറി), പി.എം. മാത്യു ചോലിക്കര (ട്രഷറർ) എന്നിവർ അറിയിച്ചു.