എരൂർ വഴി കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു
തൃപ്പൂണിത്തുറയെയും എറണാകുളത്തെയും ബന്ധിപ്പിച്ച് എരൂർ വഴി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ദീപക് ജോയ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത സർവീസിൻ്റെ റൂട്ടും സമയവും അറിയാം.
എരൂർ വഴി കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു ദീപക് ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു
എറണാകുളം: തൃപ്പൂണിത്തുറയെയും എറണാകുളത്തേയും ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടായ എരൂർ വഴി കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ദീപക് ജോയ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് ഏരൂർ വഴിയുള്ള സർവീസ് അനുവദിച്ചത്. വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. എരൂർ വഴി കെ എസ് ആർ ടി സി ബസ് സർവീസില്ലെന്ന വർഷങ്ങളായുള്ള ജനങ്ങളുടെ പരാതിക്ക് ഇതോടെ പരിഹാരമായി. എരൂർ കോഴിവെട്ടുംവെളിയിൽ ദീപക് ജോയ് എംഎൽഎ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
തൃപ്പൂണിത്തുറയിൽ നിന്നാരംഭിക്കുന്ന ബസ് ഏരൂർ വഴി എറണാകുളത്തേക്കാണ് സർവീസ് നടത്തുന്നത്. തൃപ്പൂണിത്തുറയിൽ നിന്നാരംഭിച്ച് എരൂർ, വെണ്ണല, പാലാരിവട്ടം വഴി കലൂരിലെത്തും. കലൂരിൽ നിന്ന് പാലാരിവട്ടം, വെണ്ണല, എരൂർ വഴി തൃപ്പൂണിത്തുറയിലേക്കും. തിരിച്ച് തൃപ്പൂണിത്തുറയിൽ നിന്ന് വീണ്ടും എരൂർ, കലൂർ, ഹൈക്കോർട്ട്, മേനക വഴി എറണാകുളം ജെട്ടി സ്റ്റാൻഡിലേക്കുമായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെയും വൈകീട്ടും സർവീസ് ഉണ്ടാവും.
എറണാകുളം അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ എ അജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർമാരായ പ്രവീൺ പറയന്താനത്ത്, പി.ബി സതീശൻ, മധുസൂദനൻ പി.ബി, ശ്രീലത മധുസൂദനൻ, പ്രസീത മിജു, രജനി ഭരത്കുമാർ, കൊച്ചി കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. പി.എം. നസീമ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ സാബു കോറോത്ത്, ഷിബി സോമൻ, ബിന്ദു വിജു, കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടർ ആൻ്റണി ജോസഫ്, ഡിസിസി സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, സി. വിനോദ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.ഡി ശ്രീകുമാർ, തൃപ്പൂണിത്തുറ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.സി പോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. കേശവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിനു സിറിൾ തുടങ്ങിയവർ പങ്കെടുത്തു.

