മോഡലിങ്ങിന്റെ പേരിൽ വിദേശത്ത് ലൈംഗിക ചൂഷണം: കൊച്ചിയിൽ അലീന ഏബ്രഹാം ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

​കൊച്ചിയിൽ മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും പേരിൽ യുവതികളെ ദുബായിലേക്ക് കടത്തി ലഹരിമരുന്ന് നൽകി ലൈംഗിക ചൂഷണത്തിനിരയാക്കിയ സെക്സ് റാക്കറ്റിലെ പ്രധാനികളായ അലീന ഏബ്രഹാം, ടോയ്സി സിന്ധു, മഞ്ജിമ എന്നിവരെ മരട് പോലീസ് അറസ്റ്റ് ചെയ്തു കൂടുതൽ വിവരങ്ങളിലേക്ക്

മോഡലിങ്ങിന്റെ പേരിൽ വിദേശത്ത് ലൈംഗിക ചൂഷണം: കൊച്ചിയിൽ അലീന ഏബ്രഹാം ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
മോഡലിങ്ങിന്റെ പേരിൽ ദുബായിലേക്ക് കടത്തി പെൺവാണിഭം: കൊച്ചിയിൽ അലീന ഏബ്രഹാം ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

​കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും പേരിൽ യുവതികളെ കെണിയിൽപ്പെടുത്തി വിദേശത്തേക്ക് കടത്തുകയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്ന പെൺവാണിഭ സംഘത്തിലെ മൂന്ന് പേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോങ്ങുവിള സ്വദേശിയും മോഡലുമായ അലീന ഏബ്രഹാം (29), ഗുരുവായൂർ സ്വദേശി ടോയ്സി സിന്ധു (50), പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായത്. കേസിൽ ദുബായിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

​സംഘത്തിന്റെ കെണിയിൽപ്പെട്ട് ദുബായിൽ ക്രൂര പീഡനത്തിനിരയായി രക്ഷപ്പെട്ടെത്തിയ മോഡലും ബ്യൂട്ടീഷ്യനുമായ യുവതി നൽകിയ പരാതിയിലാണ് പോലീസ് ഒരു മാസം മുൻപ് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ സമാനമായ പരാതികളുമായി രണ്ട് യുവതികൾ കൂടി പോലീസിനെ സമീപിക്കുകയായിരുന്നു.

​വലവീശിയത് സോഷ്യൽ മീഡിയ പരസ്യത്തിലൂടെ

​കഴിഞ്ഞ ജനുവരിയിലാണ് കേസിലെ പ്രധാന പ്രതിയായ അലീന ഏബ്രഹാം ദുബായിൽ നടക്കുന്ന ഫാഷൻ ഷോയിലേക്ക് മോഡലുകളെ ആവശ്യമുണ്ടെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയത്. സെലിബ്രിറ്റികളെപ്പോലും ഉപയോഗിച്ചായിരുന്നു പ്രചാരണം. ജനുവരി 25-ന് ദുബായിൽ വച്ച് ഫാഷൻ വർക്ക്‌ഷോപ്പ് നടത്തുമെന്നും, ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഫെബ്രുവരിയിൽ നടക്കുന്ന പ്രധാന ഷോയിൽ പങ്കെടുപ്പിക്കുമെന്നുമായിരുന്നു വാഗ്ദാനം.

​ഇത് വിശ്വസിച്ച് എത്തിയ യുവതികളെയാണ് അലീനയും സംഘവും ദുബായിലേക്ക് കൊണ്ടുപോയത്. അവിടെയെത്തിച്ച ശേഷം ഹോട്ടൽ മുറികളിൽ വച്ച് ശീതളപാനീയങ്ങളിലോ അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെയോ ലഹരിമരുന്ന് നൽകി ബോധരഹിതരാക്കും. തുടർന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. മോഡലുകൾക്ക് പുറമെ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെയും സംഘം കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

​പ്രതികളെ പൂട്ടി പോലീസ്

​കഴിഞ്ഞ ദിവസം വൈകിട്ട് മരടിലെ ഫ്ലാറ്റിൽ നിന്നാണ് അലീന ഏബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ താവളം. അലീന കണ്ടെത്തുന്ന യുവതികളുടെ വിസ നടപടികളും വിദേശത്തേക്ക് കടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നത് ടോയ്സി സിന്ധുവാണ്. അലീന പിടിയിലായ വിവരമറിഞ്ഞ് മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ടോയ്സിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് കേരള പോലീസിന് കൈമാറുകയായിരുന്നു. ലുക്ക് ഔട്ട് സർക്കുലർ നിലവിലുണ്ടായിരുന്നതാണ് ടോയ്സിക്ക് വിനയായത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.

​കേസിലെ ഒന്നാം പ്രതിയായ അലീന മുൻപും സമാനമായ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ഒരു ബാറിൽ വച്ച് നടന്ന സംഘർഷത്തിൽ വടിവാളുമായി ആക്രമണം നടത്തിയ കേസിൽ അലീന അറസ്റ്റിലായിരുന്നു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ യുവതികൾ ചതിക്കപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.