കരയിൽ പേഴ്സും ചെരിപ്പും വെച്ച് 68 കാരി മൂവാറ്റുപുഴ പുഴയിലേക്ക് ചാടി കാണാതായ വത്സല തന്നെയെന്ന് പോലീസ്

മൂവാറ്റുപുഴയാറ്റിൽ പുഴയിലേക്ക് എടുത്തുചാടിയത് തൊടുപുഴയിൽ നിന്ന് കാണാതായ വത്സല (68) തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. മലങ്കര ഡാം തുറന്നതിനാലുള്ള ശക്തമായ അടിയൊഴുക്കും മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു

കരയിൽ പേഴ്സും ചെരിപ്പും വെച്ച് 68 കാരി മൂവാറ്റുപുഴ പുഴയിലേക്ക് ചാടി കാണാതായ വത്സല തന്നെയെന്ന് പോലീസ്
തൊടുപുഴ വെങ്ങല്ലൂർ പാറ സ്വദേശിയായ രവിയുടെ ഭാര്യ വത്സലയാണ് (68) പുഴയിൽ ചാടിയത്.

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റിൽ ഇന്ന് ഉച്ചയ്ക്ക് പുഴയിലേക്ക് എടുത്തുചാടിയ സ്ത്രീ, ഇന്ന് രാവിലെ തൊടുപുഴയിൽ നിന്നും കാണാതായ വത്സല തന്നെയെന്ന് മൂവാറ്റുപുഴ പോലീസ് സ്ഥിരീകരിച്ചു. തൊടുപുഴ വെങ്ങല്ലൂർ പാറ സ്വദേശിയായ രവിയുടെ ഭാര്യ വത്സലയാണ് (68) പുഴയിൽ ചാടിയത്. കാണാതായ വത്സലയുടെ ഫോട്ടോ പോലീസ് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളെ കാണിച്ചാണ് പുഴയിൽ ചാടിയത് ഇവർ തന്നെയെന്ന് തീർച്ചപ്പെടുത്തിയത്.

​ഇന്ന് ഉച്ചയ്ക്ക് 12:00 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൂവാറ്റുപുഴയാറ്റിന്റെ തീരത്ത് പേഴ്സും ചെരിപ്പും ഊരിവെച്ച ശേഷം വത്സല പുഴയിലേക്ക് ചാടുകയായിരുന്നു. വത്സല പുഴയിലേക്ക് ചാടുന്നത് നേരിൽ കണ്ട ദൃക്സാക്ഷികൾ ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.

​ഇന്ന് രാവിലെ മുതൽ വത്സലയെ കാണാനില്ലെന്ന് തൊടുപുഴ പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ, തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായി കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്സുകളിലടക്കം വ്യാപകമായ തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് ഈ ദുരന്ത വാർത്ത പുറത്തുവരുന്നത്.

​വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസും ഫയർഫോഴ്സും നിലവിൽ പുഴയിൽ വലിയ തോതിലുള്ള തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ, മലങ്കര ഡാമിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിലവിൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. ഇതേതുടർന്ന് മൂവാറ്റുപുഴയാറ്റിൽ അതീവ ശക്തമായ അടിയൊഴുക്കാണുള്ളത്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയർന്നതും നിലവിൽ രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.