ഗുരുവായൂരിൽ ഭക്തർക്ക് ഇനി കാത്തിരിപ്പില്ല വെർച്വൽ ക്യൂ വരുന്നു, 3 വർഷത്തിനകം മാസ്റ്റർ പ്ലാൻ പൂർത്തിയാക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ ഭക്തരുടെ കാത്തിരിപ്പ് ഒഴിവാക്കാൻ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുമെന്നും, ക്ഷേത്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ഗുരുവായൂരിൽ ഭക്തർക്ക് ഇനി കാത്തിരിപ്പില്ല വെർച്വൽ ക്യൂ വരുന്നു, 3 വർഷത്തിനകം മാസ്റ്റർ പ്ലാൻ പൂർത്തിയാക്കും
ഗുരുവായൂരിൽ വെർച്വൽ ക്യൂ വരുന്നു; 3 വർഷത്തിനകം മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

​ഗുരുവായൂരിൽ വെർച്വൽ ക്യൂ വരുന്നു; 3 വർഷത്തിനകം മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഗുരുവായൂർ (തൃശൂർ): ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനായി ഭക്തർ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഗുരുവായൂർ ദേവസ്വം ആവിഷ്കരിച്ച വികസന പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനകം പൂർത്തീകരിക്കും. ഇതിനായുള്ള മാസ്റ്റർ പ്ലാൻ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത വിപുലമായ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

​ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വരും ഒൻപത് മാസത്തിനകം പൂർത്തിയാക്കും. അത്യാധുനികവും നവീനവുമായ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെടാതെ കർശനമായി സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

​ആനക്കോട്ടയും ഗോശാലയും നവീകരിക്കും

വേങ്ങാട് ഗോശാലയിലെ പശുക്കളുടെ സംരക്ഷണം വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ ഊർജിതമാക്കും. ആനക്കോട്ടയിലെ ചരിത്രപ്രസിദ്ധമായ കോവിലകം ഒരു സ്മാരകമായി നിലനിർത്തിക്കൊണ്ട് തന്നെ, 75 ആനകൾക്ക് സുരക്ഷിതമായി കഴിയാനുള്ള വിപുലമായ സാഹചര്യങ്ങൾ അവിടെയൊരുക്കും. ആനകളെ നടയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഭക്തർക്ക് അനുകൂലമായ തീരുമാനം അടുത്ത മന്ത്രിസഭാ (കാബിനറ്റ്) യോഗത്തിൽ കൈക്കൊള്ളും. ഇതോടൊപ്പം ഗുരുവായൂരിലെ നിലവിലെ ദേവസ്വം ആശുപത്രി നവീകരിച്ച് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.