ഒന്നരലക്ഷത്തിന്റെ ചീര വിളയിച്ച് അനൂസ് കൃഷി ആദായകരമല്ലെന്ന് പറയുന്നവർ ഈ മാതൃക കണ്ടുപഠിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ്
സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ വെജിറ്റബിൾ മിഷൻ ആരംഭിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ്. വൈത്തിരിയിൽ അനൂസിന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു
പച്ചക്കറി സ്വയംപര്യാപ്തതയ്ക്ക് വെജിറ്റബിള്‍ മിഷന് ആരംഭിക്കും: മന്ത്രി ടി സിദ്ദിഖ് അനൂസിന്റെ കൃഷിയിടത്തില്‍ വിളവെടുപ്പ് മഹോത്സവം
വയനാട് : പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് വെജിറ്റബിള്‍ മിഷന് ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ്. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി കരുവാരത്തൊടിയില് അനൂസിന്റെ കൃഷിയിടത്തില്‍ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനപ്രതിനിധികളുടെ വീടുകള്‍, സ്ഥല സൗകര്യമുള്ള പോലീസ് സ്റ്റേഷനുകള്‍, സ്കൂള്‍-കോളേജുകളില്‍ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കും. മണ്ണുപരിശോധന ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായങ്ങള്‍ കൃഷി വകുപ്പ് മുഖേന ലഭ്യമാക്കും. അടുത്ത അധ്യയനവര്‍ഷത്തോടെ 5000 സ്കൂളുകളില്‍ കൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കില്‍ കൃഷി മികച്ച വരുമാനമാര്‍ഗമായി മാറ്റാമെന്നതിന്റെ മാതൃകയാണ് വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി അനൂസിന്റെ കൃഷിയിടം. കൃഷി ആദായകരമല്ലെന്ന് പറയുന്നവര്‍ അനൂസിന്റെ മാതൃക കണ്ടുപഠിക്കണമെന്നും മന്ത്രി പറഞ്ഞു. കീടനാശിനികളുടെ ഉപയോഗം കുറച്ച് ശാസ്ത്രീയ കൃഷിരീതികളും മഞ്ഞ സ്റ്റിക്കി ട്രാപ്പുകളും പ്രയോജനപ്പെടുത്തിയാണ് അനൂസ് കൃഷി നടത്തുന്നത്. കൃഷി വകുപ്പിന്റെ പിന്തുണയും പ്രവര്‍ത്തനത്തിന് കരുത്തായി. ഇതിനോടകം ഒന്നരലക്ഷം രൂപയുടെ ചീര ഇവിടെനിന്ന് വിറ്റഴിച്ചു. ഭക്ഷ്യ സുരക്ഷയും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സുരക്ഷിതമായ ഭക്ഷ്യോത്പാദനത്തിന്റെ ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം. എന്റെ അന്നം എന്റെ ഉത്തരവാദിത്വം എന്ന ബോധ്യം സമൂഹത്തില്‍ വളരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളില്‍ കാര്ഷികാഭിരുചി വളര്‍ത്തുന്നതിന് കതിര് കാര്‍ഷിക ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് കൃഷി നേരിട്ട് പരിചയപ്പെടുന്നതിനായി അനൂസിന്റെ കൃഷിയിടം ഉള്‍പ്പെടെയുള്ള മാതൃകാ ഫാമുകളിലേക്ക് സന്ദര്‍ശനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിയിടം ഒരുക്കുന്നതിനായി സ്ഥലം വിട്ടുനല്‍കിയ ഷുക്കൂറിനെയും അനൂസിന്റെ കുടുംബാംഗങ്ങളെയും കൃഷിക്ക് പിന്തുണ നല്കിയ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷയായ പരിപാടിയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ലാല്‍സുന കൃഷ്ണ, പി പ്രകാശ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖ്, വൈത്തിരി കൃഷി ഓഫീസര്‍ ടി.എല്‍ ദിവ്യ, കൃഷി അസിസ്റ്റന്റുമാരായ കെ.എം മുംതാസ്, സി.കെ മഹേഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം