കെഎസ്ആർടിസിയിൽ പുതിയ പി.എസ്.സി നിയമനവും ആശ്രിത നിയമനവും സുപ്രധാന പ്രഖ്യാപനങ്ങളുമായി ഗതാഗത മന്ത്രി സി. പി. ജോൺ
കെഎസ്ആർടിസിയുടെ ഭരണ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ നിയമനങ്ങൾ നടത്തുന്നതിനും ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കെഎസ്ആർടിസിയിൽ പുതിയ പി.എസ്.സി നിയമനവും ആശ്രിത നിയമനവും; സുപ്രധാന തീരുമാനങ്ങളുമായി ഗതാഗത മന്ത്രി സി. പി. ജോൺ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും ഭരണ-സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. കെഎസ്ആർടിസി സി.എം.ഡി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് കോർപ്പറേഷന്റെ ഭാവി വികസനവും ജീവനക്കാരുടെ നിയമനവും സംബന്ധിച്ച അടിയന്തര നടപടികൾക്ക് രൂപം നൽകിയത്.
കെഎസ്ആർടിസിയിലെ ആശ്രിത നിയമനത്തിനായി ഗുണഭോക്താക്കൾ സമർപ്പിച്ച നിവേദനങ്ങൾ പരിഗണിച്ച്, അർഹരായവർക്ക് ആശ്രിത നിയമനം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി സി. പി. ജോൺ നിർദേശം നൽകി. ഇതിന് പുറമെ, കോർപ്പറേഷനിലെ നിലവിലുള്ള ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന പുതിയ നിയമന നടപടികൾ ആരംഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കെഎസ്ആർടിസിയുടെ സർവീസ് വ്യാപനത്തിനും സാമ്പത്തിക ഭദ്രതയ്ക്കുമായി താഴെപ്പറയുന്ന സമഗ്ര പദ്ധതികൾ നടപ്പിലാക്കും:
ഗ്രാമവണ്ടി പദ്ധതി വ്യാപിപ്പിക്കും: ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി “ഗ്രാമ വണ്ടി” പദ്ധതി കൂടുതൽ പ്രദേശങ്ങൾക്ക് പ്രയോജനകരമാകും വിധം വ്യാപിപ്പിക്കും.
പ്രത്യേക റിസർച്ച് വിംഗ്: കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവർത്തനങ്ങൾ, ആധുനികവൽക്കരണ സാധ്യതകൾ എന്നിവ നിരന്തരം പഠിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു പ്രത്യേക റിസർച്ച് വിംഗ് ആരംഭിക്കും.
ശബരിമല മുന്നൊരുക്കങ്ങൾ: വരാനിരിക്കുന്ന ശബരിമല മണ്ഡലകാല സർവീസുകൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി (MVD) സഹകരിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ഹരിത ഇന്ധനത്തിലേക്ക്: പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കും.
ജനങ്ങൾക്ക് കൂടുതൽ സുതാര്യവും ആധുനികവുമായ യാത്രാസൗകര്യം ഒരുക്കുന്ന ഒരു ജനകീയ പൊതുഗതാഗത സംവിധാനമായി കെഎസ്ആർടിസിയെ മാറ്റിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അറിയിച്ചു.