കണ്ണൂർ വിമാനത്താവള എൻട്രി ഫീ ഒഴിവാക്കണം തകർന്ന് റോഡുകളും ജനകീയ പ്രശ്നങ്ങളും ചർച്ച ചെയ്ത് ജില്ലാ വികസന സമിതി
കണ്ണൂർ വിമാനത്താവളത്തിലെ പ്രവേശനഫീസ് ഒഴിവാക്കണമെന്നും, റോഡുകളിലെയും പാലങ്ങളിലെയും ഗതാഗതക്കുരുക്കുകൾ പരിഹരിക്കണമെന്നും ജനപ്രതിനിധികൾ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. പ്രമുഖ വിഷയങ്ങളിൽ നടപടിയുമായി കലക്ടറും ഉദ്യോഗസ്ഥരും
കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രവേശനഫീസ് ഒഴിവാക്കണംജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നടപടിയുണ്ടാവണമെന്ന് സജീവ് ജോസഫ് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷം തിരികെ പോവുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റ് വിമാനത്താവളങ്ങളില്‍ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരില്‍ മാത്രമാണ്. ഇതിനെതിരേ യാത്രക്കാരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കയം തട്ടിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയവും അദ്ദേഹം വികസന സമിതി യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പെര്‍മിറ്റില്‍ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. പ്രദേശത്തു നിന്ന് അനധികൃതമായി മണ്ണ് നീക്കം ചെയ്ത നടപടിയില്‍ നിര്‍മാതാവില്‍ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മൈനിംഗ് ആന്റ് യോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഇക്കഴിഞ്ഞ മഴക്കെടുതിയില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാനും എംഎല്‍എ ആവശ്യപ്പെട്ടു.
പെരുമ്പ മുതല്‍ കോത്തായിമുക്ക് വരെയുള്ള പഴയ ദേശീയപാതയിലെ അനധികൃത വാഹനപാര്‍ക്കിംഗ് വലിയ ഗതാഗതപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ പോലിസ്, ആര്‍ടിഒ അധികൃത സംയുക്ത പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തത് കാരണം രോഗികള്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാവുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കവ്വായി പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ടോയിലെറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. പെരിങ്ങോം വയക്കരയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ഒലിച്ചുപോയ കമ്പിപ്പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണം. ചെറുപുഴയ്ക്ക് സമീപം കർണ്ണാടക ഫോറസ്റ്റ് അതിർത്തിയിലെ കേരളത്തിൻ്റെ ഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള കർണ്ണാടക സർക്കാറിൻ്റെ നടപടികളിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരിങ്ങോം വയക്കര, എരമം കുറ്റൂര്‍ പഞ്ചായത്തുകളിലെ മിച്ചഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാറെ യോഗം ചുമതലപ്പെടുത്തി. പാലക്കോട്- കുന്നരു തീരദേശ ഹൈവേ വികസനം, പയ്യന്നൂര്‍ ടൗണ്‍ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും എംഎല്‍എ അറിയിച്ചു.
തളിപ്പറമ്പ് കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളപ്രശ്‌നം നേരിടുന്നതായി ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ന്യൂമാഹി പുന്നോല്‍ കുറിച്ചിയില്‍ പ്രദേശത്തെ ശുദ്ധജല വിതരണ പദ്ധതി അടച്ചുപൂട്ടിയത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതായും നടപടി പുനപ്പരിശോധിക്കണമെന്നും ഷാഫി പറമ്പില്‍ എംപിയുടെ പ്രതിനിധി എം പി അരവിന്ദാക്ഷന്‍ യോഗത്തെ അറിയിച്ചു. തലശ്ശേരി മാഹി ബൈപ്പാസിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പാലത്തിലെ പഴയ ടാറിംഗ് ഇളക്കിമാറ്റി പുതുതായി ടാര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ വി സുമേഷ് എംഎല്‍എയുടെ പ്രതിനിധി കിരണ്‍ പറഞ്ഞു.
മേലെചൊവ്വ, മട്ടന്നൂർ റോഡ് ജംഗ്ഷനിൽ മേൽപ്പാലം നിർമ്മാണ സ്ഥലം ഏറ്റെടുപ്പും കെട്ടിടങ്ങളുടെ മൂല്യനിർണ്ണയ പ്രവർത്തിയും വേഗം പൂർത്തിയാക്കണമെന്ന അഡ്വ. ടി. ഒ മോഹനൻ എംഎൽഎയുടെ ആവശ്യത്തിൽ സപ്തംബർ എട്ടിന് പൊതുമരാമത്ത് വകുപ്പും റവന്യൂ വിഭാഗവും സംയുക്ത പരിശോധന നടത്തും. പാടിക്കൽ മാട്ടൂർ തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപി യുടെ നിർദ്ദേശത്തിന്മേൽ 20 ലക്ഷം രൂപ വകയിരുത്തി പദ്ധതി തയ്യാറാക്കിയതായും ഡിപിസിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും എക്സിക്യൂട്ടീവ് എഞ്ചീനീയർ അറിയിച്ചു.
ധർമ്മടം വില്ലേജിലെ ഡിജിറ്റൽ സർവ്വെ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന ഷാഫി പറമ്പിൽ എംപിയുടെ ആവശ്യം പരിഗണിച്ച് തലശ്ശേരി താലൂക്കിൽ എൽ ആർ എം സെക്ഷനിൽ സർവ്വയർമാരെ നിയോഗിച്ചതായി സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള പെട്രോൾ പമ്പിലെ ചോർച്ച മൂലം സമീപത്തെ എഴുപതിലേറെ കുടുംബങ്ങളിലെ കിണറുകൾ മലിനമായ സാഹചര്യത്തിൽ നടപടികൾ ഉണ്ടാകണമെന്ന് കെ സുധാകരൻ എംപിയുടെ ആവശ്യം പരിഗണിച്ച് പെട്രോൾ പമ്പിൽ കോൺക്രീറ്റ് കൊണ്ടുള്ള സെക്കണ്ടറി കണ്ടെയിൻമെൻ്റ് വാൾ നിർമ്മാണം പൂർത്തിയാക്കിയതായും അനുബന്ധപ്പെട്ട പൈപ്പുകൾ എച്ച്ഡിപിഇ പൈപ്പുകളാക്കി മാറ്റിയതായും കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന നാല്പതിലേറെ കുടുംബങ്ങൾക്ക് കുടിവേള്ള വിതരണം തുടരുന്നതായും കിണറുകളിലെ ജല പരിശോധന നടക്കുന്നതായും എഡിഎം അറിയിച്ചു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ടി ഒ മോഹനന്‍, സജീവ് ജോസഫ്, വി കുഞ്ഞികൃഷ്ണന്‍, ജില്ലാ കലക്ടർ പി വിഷ്ണു രാജ്, ഷാഫി പറമ്പില്‍ എംപിയുടെ പ്രതിനിധി എം പി അരവിന്ദാക്ഷന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂല്‍, തലശ്ശേരി സബ് കലക്ടര്‍ രവി മീണ, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡിഎം ഇന്‍ചാര്‍ജ് കെ ബാലഗോപാലന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ രാജേഷ് ടി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.