KM1 മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്

ആറളം ഫാം മേഖലയിൽ ഭീതി പരത്തുന്ന KM1 മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവായി.

KM1 മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ആറളം ഫാമിലെ 'KM1' മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്; റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് വിടും

കണ്ണൂർ: ആറളം ഫാം മേഖലയിലും പുനരധിവാസ കോളനിയിലും നിരന്തരം ഭീതി പരത്തുന്ന 'KM1' എന്ന മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടാൻ സർക്കാർ ഉത്തരവ്. ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റിവിടാനാണ് തീരുമാനം. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്.

​1972ലെ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11(1)(എ) പ്രകാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരിക്കുന്നത്. ആറളത്ത് ജനവാസ മേഖലയിൽ സ്ഥിരമായി എത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ആനയാണ് KM1. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ദൗത്യം നടപ്പാക്കുക. ആനയ്ക്ക് അമിത സമ്മർദ്ദം ഉണ്ടാകാത്ത വിധം റേഡിയോ കോളർ ഘടിപ്പിച്ച് തുടർ നിരീക്ഷണവും വനം വകുപ്പ് ഉറപ്പാക്കും.

​വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ തകർത്താണ് KM1 ജനവാസ മേഖലയിലേക്ക് കടക്കുന്നതെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. പ്രകോപനങ്ങളൊന്നുമില്ലാതെ വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നാശം വരുത്തുന്നതും വാഹനങ്ങളെ ആക്രമിക്കുന്നതും ഈ ആനയുടെ പതിവ് സ്വഭാവമാണെന്ന് റിപ്പോർട്ടിലുണ്ട്. 2008 മുതൽ ആറളം മേഖലയിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടത്തിലെ ഏറ്റവും വലിയ മോഴയാനയാണ് KM1. 2026 ഫെബ്രുവരി 27ന് ആറളത്ത് അനീഷ് എന്നയാൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ കാല്പാടുകൾ പരിശോധിച്ചപ്പോൾ അത് KM1-ന്റേതാണെന്നും റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

​കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിലായിരിക്കും നടപടികൾ. കണ്ണൂർ ഡിഎഫ്ഒ ദൗത്യത്തിന്റെ ഏകോപനവും തുടർ നടപടികളും നിർവഹിക്കും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും കണ്ണൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും ദൗത്യത്തിൽ പങ്കാളികളാകും.