പ്ലാസ്റ്റിക് മാലിന്യത്തിൽ വിരിഞ്ഞ മഹാത്ഭുതം ഏഷ്യയിലെ ഏറ്റവും വലിയ വേസ്റ്റ് ടു ആർട്ട് പൂക്കളം
മലപ്പുറം കോട്ടക്കുന്നിൽ ഹരിതകർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ വേസ്റ്റ് ടു ആർട്ട് പൂക്കളം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
ഏഷ്യയിലെ ഏറ്റവും വലിയ 'വേസ്റ്റ് ടു ആർട്ട്' പൂക്കളം കോട്ടക്കുന്നിൽ; മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും
മലപ്പുറം: മലപ്പുറം ജില്ലാ ശുചിത്വമിഷനും എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് എൽ.എൽ.പി.യും സഹകരിച്ച് കോട്ടക്കുന്നിൽ നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ 'വേസ്റ്റ് ടു ആർട്ട്' പൂക്കളം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നാളെ (വെള്ളി) വൈകുന്നേരം ആറിന് ഉദ്ഘാടനം ചെയ്യും. ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗിച്ചാണ് 1,560 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഭീമൻ പൂക്കളം തയ്യാറാക്കിയിരിക്കുന്നത്.
ഒൻപത് കലാകാരന്മാരുടെ അഞ്ച് ദിവസത്തെ അധ്വാനഫലമാണ് ഈ കലാസൃഷ്ടി. 20,736 പ്ലാസ്റ്റിക് കുപ്പികൾ, 13 കിലോ ചാക്കുകൾ, 485 സി.ഡി.കൾ, 12 കിലോ അലുമിനിയം ഫോയിലുകൾ, 138 ഫുഡ് കണ്ടെയ്നറുകൾ, 18 കിലോ പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. 'ഹരിത ഓണം' എന്ന ആശയത്തിൽ കഥകളി, ചുണ്ടൻവള്ളം തുടങ്ങിയ കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പ്രതിരൂപങ്ങൾ സമന്വയിപ്പിച്ചാണ് പൂക്കളം ഡിസൈൻ ചെയ്തിരിക്കുന്നത്.
"നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം" എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനും, മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചാൽ മൂല്യമുള്ള വസ്തുക്കളാക്കി മാറ്റാമെന്ന് കാണിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കോട്ടക്കുന്നിൽ ഒരുക്കിയ ഈ പൂക്കളം ഓഗസ്റ്റ് 31 വരെ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്