കടമ്പ്രയാറിൽ ഓണചമയം 2026 ന് വർണ്ണാഭമായ തുടക്കം ആഗസ്റ്റ് 30 വരെ വിവിധ കലാപരിപാടികൾ
എറണാകുളത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കടമ്പ്രയാറിൽ ഓണാഘോഷ പരിപാടികൾക്ക് ഓണചമയം 2026 തുടക്കമായി. ഓഗസ്റ്റ് 30 വരെ സാംസ്കാരിക പരിപാടികളും ജലവിനോദങ്ങളും ആസ്വദിക്കാം.
കടമ്പ്രയാറിൽ 'ഓണചമയം 2026'ന് വർണ്ണാഭമായ തുടക്കം; ആഗസ്റ്റ് 30 വരെ വിവിധ കലാപരിപാടികൾ
കൊച്ചി: ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ കടമ്പ്രയാറിൽ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ 'ഓണചമയം 2026' ന് തുടക്കമായി. കടമ്പ്രയാർ തീരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി കെ. ബാബു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച വി.പി. സജീന്ദ്രൻ എം.എൽ.എ വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി കടമ്പ്രയാറിന്റെ കൈവഴികളും പാലങ്ങളും ആകർഷകമായ ദീപാലങ്കാരങ്ങളാൽ മനോഹരമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 26 വരെ വിപുലമായ ഓണസദ്യയും, ഓഗസ്‌റ്റ് 30 വരെ ദിവസവും വൈകിട്ട് 7 മണി മുതൽ വിവിധ സാംസ്കാരിക-കലാപരിപാടികളും നടക്കും. മ്യൂസിക് നൈറ്റ്, മ്യൂസിക്കൽ ബാൻഡ്, ഡി.ജെ, കൈകൊട്ടിക്കളി, മെഗാഷോ, ഡാൻസ് ഷോ തുടങ്ങിയവ വിവിധ ദിവസങ്ങളിൽ വേദിയിലെത്തും. പരിപാടികളിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്.
സാഹസിക പ്രേമികൾക്കായി കടമ്പ്രയാർ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കയാക്കിങ് ഉൾപ്പെടെയുള്ള ജലവിനോദ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയ പ്രമുഖർ ആഘോഷങ്ങളിൽ പങ്കാളികളാകും.
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പി. രാജൻ, കെ.കെ. ഷാജി, സുമയ്യ, ജോൺ സക്കറിയ, ഡി ടി പി സി സെക്രട്ടറി ലിജോ, റഷീദ് കാച്ചാൻകുഴി, വാർഡ് മെമ്പർമാരായ എം.പി. മുഫസൽ, ഉല്ലാസ്, റെജി ഇല്ലിക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു

