മൂവാറ്റുപുഴയിൽ 6 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 6 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി സേഖ് സിദ്ദിഖിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴയിൽ 6 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
മൂവാറ്റുപുഴ: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ് (66) ആണ് പിടിയിലായത്.
മൂവാറ്റുപുഴ വാഴപ്പിള്ളിയിലുള്ള മിൽമയ്ക്ക് സമീപത്തെ വെയ്റ്റിംഗ് ഷെഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായാണ് ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ലഹരിവിൽപന നടത്താൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ കുറച്ചുദിവസങ്ങളായി തൂഫാൻ സ്ക്വാഡിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു.
മൂവാറ്റുപുഴ ഡി.വൈ.എസ്.പി മനോജ് കെ.ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി.എം. റാസിഖ്, സി.ആർ. രഞ്ജുമോൾ, ഷിബു മാത്യു, എ.എസ്.ഐമാരായ സി.കെ. മീരാൻ, പി.എസ്. സലിം, കെ.എം. അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ എ.പി. അജേഷ്, ബിനിൽ എൽദോസ്, സിജോ തങ്കപ്പൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.