അട്ടപ്പാടിയുടെ വനസുന്ദരി യും നാടൻ രുചികളും തലസ്ഥാനത്ത് ഹിറ്റ്
തിരുവനന്തപുരം ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുക്കിയ കുടുംബശ്രീ ഫുഡ് സ്റ്റാളിൽ അട്ടപ്പാടി വിഭവമായ വനസുന്ദരി ചിക്കനും മലബാർ രുചികളും ആസ്വദിക്കാൻ ആളുകളുടെ വൻ തിരക്ക്.
കനകക്കുന്നിൽ തരംഗമായി അട്ടപ്പാടിയുടെ ‘വനസുന്ദരി’; ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടി കുടുംബശ്രീയുടെ മലബാർ രുചികൾ
തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് രുചിക്കൂട്ടുമായി കനകക്കുന്നിൽ ഒരുക്കിയ കുടുംബശ്രീ ഫുഡ് സ്റ്റാൾ ജനശ്രദ്ധ നേടുന്നു. അട്ടപ്പാടിയുടെ പ്രത്യേക വിഭവമായ 'വനസുന്ദരി ചിക്കൻ' കാണാനും രുചിക്കാനുമായി ദിവസേന ആയിരക്കണക്കിന് ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്നത്. അട്ടപ്പാടിയിലെയും കോഴിക്കോട്ടെയും കുടുംബശ്രീ അംഗങ്ങൾ സംയുക്തമായാണ് ഈ ഭക്ഷണസ്റ്റാൾ പ്രവർത്തിപ്പിക്കുന്നത്.
പച്ചക്കുരുമുളക്, കാന്താരി, മല്ലിയില തുടങ്ങിയ നാടൻ മസാലക്കൂട്ടുകൾ ചേർത്താണ് വനസുന്ദരി ചിക്കൻ തയാറാക്കുന്നത്. 300 രൂപയാണ് ഇതിന്റെ വില. വനസുന്ദരിക്ക് പുറമേ നാരങ്ങ, തുളസി, നറുനീണ്ടി തുടങ്ങിയ ആയുർവേദ ചേരുവകൾ ചേർത്തുണ്ടാക്കുന്ന അട്ടപ്പാടിയുടെ പ്രത്യേക 'ഊരു കാപ്പി'യും കഫേയിലെ പ്രധാന ആകർഷണമാണ്. 20 രൂപയാണ് ഊരുകാപ്പിയുടെ വില.
മലബാറിന്റെ പരമ്പരാഗത രുചികളായ മലബാർ ദം ബിരിയാണി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, പഴം നിറച്ചത്, ചിക്കൻ പത്തിരി, അതിശയ പത്തിരി, ഫ്രൈഡ് മോമോസ്, കൂന്തൽ നിറച്ചത് തുടങ്ങി വിപുലമായ ഭക്ഷണ ശേഖരമാണ് കുടുംബശ്രീ സ്റ്റാളിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.