നേപ്പാളിൽ മിന്നൽപ്രളയം മരണം 389 ആയി 290 ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായി
നേപ്പാളിലെ 4 മധ്യജില്ലകളിൽ മഞ്ഞുപാളി അടർന്നുവീണുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 389 ആയി. 290 ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളെ കാണാതായിട്ടുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുമെത്തും.
നേപ്പാളിൽ മിന്നൽപ്രളയം: മരണം 389 ആയി; 290 ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിന്റെ മധ്യമേഖലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 389 ആയി ഉയർന്നു. പ്രളയത്തെ തുടർന്ന് നേപ്പാളിൽ 910 പേരെയും ടിബറ്റിൽ 558 പേരെയും കാണാതായിട്ടുണ്ട്. കാണാതായവരിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. ഇതിൽ 290 പേർ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, ഇന്ത്യക്കാർ ആരും മരണപ്പെട്ടതായി ഇതുവരെ റിപ്പോർട്ടുകളില്ല. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയും പങ്കാളിയാകും.
റസുവ, ധാടിങ്, നുവാകോട്ട്, ചിത് വൻ എന്നീ നാല് മധ്യജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. വൻതോതിൽ മഞ്ഞുമല അടർന്നു നദിയിലേക്ക് പതിച്ചതിനെ തുടർന്നാണ് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയ പ്രളയമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തുടക്കത്തിൽ ഭൂചലനമാണ് ദുരന്തത്തിന് കാരണമായതെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, മഞ്ഞുപാളി അടർന്നു വീണതാണ് കാരണമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുകയായിരുന്നു.
ഡസൻകണക്കിന് ചെറുപട്ടണങ്ങളെയും ഗ്രാമങ്ങളെയും തകർത്തെറിഞ്ഞ പ്രളയജലം ത്രിശൂലി, നാരായണി നദികളിലേക്കാണ് ഒഴുകിയെത്തിയത്. ദുരന്തത്തിൽ ഒട്ടേറെ പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. കഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള റസുവ ജില്ലയിൽ വലിയ ഉയരത്തിൽ വെള്ളമെത്തി കെട്ടിടങ്ങളെ തകർത്തെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനമായ കഠ്മണ്ഡുവിനെ വിവിധ ജില്ലകളുമായി ബന്ധിപ്പിക്കുന്ന നഗ് ദുംഗ–മഗ് ലിങ് ദേശീയപാത പൂർണമായി തകർന്നതോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്.
*കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ*
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പുതുക്കിയ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി.
സഹായം ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്:
? +977 985 131 6807
? +977 970 910 7500
? +977 981 032 6117
ഈ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളിലേക്ക് WhatsApp മുഖേനയും ബന്ധപ്പെടാവുന്നതാണ്.