മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് 4 പുതിയ മെത്രാന്മാർ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് 4 പുതിയ മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുത്തു. മുളന്തുരുത്തി വെട്ടിക്കൽ ദയറയിൽ ചേർന്ന അസോസിയേഷൻ വോട്ടിങ്ങിലൂടെയാണ് ഫാ. തോമസ് പോൾ, ഫാ. സാംജി, ഫാ. എൽദോസ്, ഫാ. ഷിബു എന്നിവരെ തിരഞ്ഞെടുത്തത്.
മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് 4 പുതിയ മെത്രാപ്പൊലീത്തമാർ; തിരഞ്ഞെടുപ്പ് മുളന്തുരുത്തിയിൽ
മുളന്തുരുത്തി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുത്തു. മുളന്തുരുത്തി വെട്ടിക്കൽ ദയറയിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് പുതിയ മെത്രാന്മാരെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തത്.
ഫാ. തോമസ് പോൾ റമ്പാൻ, ഫാ. എ.എ. എൽദോസ്, ഫാ. സാംജി ടി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡന്റും പരിശുദ്ധ മലങ്കര കാതോലിക്കായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ പ്രഖ്യാപിച്ചു.
സഭാ മാനേജിങ് കമ്മിറ്റി നിർദേശിച്ച ആറ് സ്ഥാനാർഥികളിൽ നിന്നാണ് നാല് പേരെ തിരഞ്ഞെടുത്തത്. വിദേശത്തുള്ള പ്രതിനിധികൾക്കായി ഓൺലൈൻ വോട്ടിങ് സൗകര്യവും നാട്ടിലുള്ളവർക്കായി ബാലറ്റ് വോട്ടിങ്ങും ഏർപ്പെടുത്തിയിരുന്നു. മുൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മേധാവി കെ.ടി. ചാക്കോ മുഖ്യ വരണാധികാരിയായി തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
വോട്ടിങ് വിവരങ്ങൾ
ആകെ 3,474 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 1,168 വൈദികരും 2,306 അൽമായരും ഉൾപ്പെടുന്നു. വിജയിച്ച സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ:
ഫാ. തോമസ് പോൾ റമ്പാൻ: വൈദികരുടെ 894 വോട്ടും അൽമായരുടെ 1,892 വോട്ടും (ആകെ: 2,786)
ഫാ. സാംജി ടി. ജോർജ്: വൈദികരുടെ 717 വോട്ടും അൽമായരുടെ 1,507 വോട്ടും (ആകെ: 2,224)
ഫാ. എ.എ. എൽദോസ്: വൈദികരുടെ 811 വോട്ടും അൽമായരുടെ 1,380 വോട്ടും (ആകെ: 2,191)
ഫാ. ഷിബു വേണാട് മത്തായി: വൈദികരുടെ 703 വോട്ടും അൽമായരുടെ 1,263 വോട്ടും (ആകെ: 1,966)
നിയുക്ത മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണ തീയതി പിന്നീട് എപ്പിസ്കോപ്പൽ സിനഡ് തീരുമാനിക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.