ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി

ആറളം ഫാമിന്റെ പ്രവർത്തനങ്ങളിലും 14 കോടിയുടെ സാമ്പത്തിക ബാധ്യതയിലും സമഗ്ര അന്വേഷണം നടത്തുമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. അനധികൃത ഭൂമി പാട്ടവും പരിശോധിക്കും.

ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി
ആറളം ഫാം കോർപ്പറേഷൻ ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി കെ എ തുളസി തൊഴിലാളികളും ജീവനക്കാരുമായി സംസാരിക്കുന്നു
ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി
ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി
ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി
ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി

ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി

കണ്ണൂർ:  ആറളം ഫാമിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും നഷ്ടക്കണക്കുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി പറഞ്ഞു. ആറളം ഫാമിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഫാമിന്റെ വരുമാനം കുത്തനെ കുറഞ്ഞതും തൊഴിലാളികൾ ഫാം ഉപേക്ഷിച്ചുപോകുന്ന സാഹചര്യവും ഗൗരവത്തോടെ കാണേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഏകദേശം 14 കോടി രൂപയുടെ ബാധ്യതയാണ് ഫാം നേരിടുന്നത്. തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിതവും വരുമാനവും ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭം ഈ നിലയിലേക്ക് പിന്നോട്ടുപോയത് അംഗീകരിക്കാനാവില്ല. ഫാമിന്റെ മുൻകാല കണക്കുകളും മിനിറ്റ്സുകളും വിശദമായി പരിശോധിക്കും.

സർക്കാരിന്റെ അനുമതിയില്ലാതെ ഫാമിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയ നടപടി പരിശോധിക്കും. സർക്കാരിന്റെ ഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കൃത്യമായ കണക്കുകൾ നൽകാനും നിർദേശം നൽകി. ഫാമിൽ സ്ഥിരതാമസമുള്ളവർ, പുനരധിവസിപ്പിക്കപ്പെട്ടവർ, പട്ടയം ലഭിച്ചവർ എന്നിവരുടെ വിവരങ്ങളും ശേഖരിക്കും.

മുൻകാലങ്ങളിൽ മികച്ച കാർഷിക വരുമാനം ലഭിച്ചിരുന്ന ഫാമിലെ പ്രതിസന്ധികൾ യഥാസമയം പരിഹരിക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമായതെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതന വ്യവസ്ഥകളിൽ കുറവുണ്ടായെന്ന പരാതികളും പരിശോധിക്കും. ഇതുവഴി ഉണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യതയും വിലയിരുത്തും.

ഏകദേശം 134 കോടി രൂപയുടെ വിളനാശം ഫാമിലുണ്ടായതായി യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. ഈ വിഷയങ്ങളും വിശദമായി പരിശോധിക്കും.

ആറളം ഫാമിനെ 14 ബ്ലോക്കുകളായി തിരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായാൽ ഫാമിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ യോഗത്തിൽ മന്ത്രിയെ അറിയിച്ചു.

ഫാമിലെ പുനരധിവാസത്തിന്റെ ഭാഗമായി 1,552 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിട്ടുണ്ട്. താമസിക്കാൻ എത്താത്ത 500 പേരുടെ പട്ടയം റദ്ദാക്കി മറ്റ് ഭൂരഹിതർക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തൊഴിലും കൂലിയുമില്ലാത്തതാണ് പലരും ഫാം ഉപേക്ഷിച്ചുപോകാനുള്ള പ്രധാന കാരണമെന്നും യോഗത്തിൽ വിലയിരുത്തി.

ഫാം ഉപേക്ഷിച്ചുപോയവരെ തിരിച്ചെത്തിക്കുന്നതിനും ഫാമിന്റെ ഭരണനിർവഹണം കുറ്റമറ്റ രീതിയിൽ പരിഷ്‌കരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി തുടർ പരിശോധനകളും ഫാം സന്ദർശനങ്ങളും നടത്തുമെന്നും മന്ത്രി കെ. എ. തുളസി പറഞ്ഞു.

*കാട് തെളിയണം, പ്രതിസന്ധികള്‍ മാറണം; ആറളം ഫാമിനെ തൊട്ടറിഞ്ഞ് മന്ത്രി തുളസിയുടെ സന്ദര്‍ശനം*

ആറളം ഫാമിന്റെ പ്രതിസഡികളും പരാതികളും നേരട്ടറിഞ്ഞ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ എ തുളസി നടത്തിയ സന്ദര്‍ശനം തൊഴിലാളികള്‍ക്കും പ്രതീക്ഷയായി. ആറളം ഫാമില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കഷ്ടതകള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞതോടെ തൊഴിലാളികളെല്ലാം മന്ത്രിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കാടുമൂടിയ കൃഷിയിടങ്ങള്‍ വെട്ടിത്തെളിച്ച് ഫാമുകളില്‍ കൃഷി പുനരുജ്ജീവിപ്പിക്കാനും വേതനം കുടിശ്ശിക തീര്‍ത്തും പരിഷ്‌കരിച്ചും വിതരണം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഫാം കാലങ്ങളായി നഷ്ടത്തിലായതാണ് തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. 

ആറളത്തെ തൊഴിലാളികള്‍ക്ക് മികച്ച പരിഗണന ലഭിക്കണമെന്ന് മന്ത്രി പറഞ്ഞു. വരുമാനദായകമായ കൃഷി ചെയ്യാനും ഫാമിന് മുന്നോട്ടു പോകാനും കഴിയണം. തൊഴിലാളികളുടെയും വിരമിച്ച ജീവനക്കാരുടെയും പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടണം. ഇതിന്റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും അടിയന്തരമായി നല്‍കാന്‍ ആറളം അധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചു. ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി മുടങ്ങിയ സാഹചര്യമുണ്ട്. ഇതിന്റെയെല്ലാം വിശദമായ കാരണങ്ങളും മന്ത്രി കെ എ തുളസി അന്വേഷിച്ചറിഞ്ഞു. കാര്‍ഷിക വിളകളുടെ നാശം തുടങ്ങി ഫാം നഷ്ടത്തിലാകാനിടയായ നിരവധി കാരണങ്ങള്‍ തൊഴിലാളികളുടെ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആറളം ഫാമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സ്ഥിരം എം ഡി യെ നിയമിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ആറളം ഫാമിലെ കോട്ടപ്പാറയില്‍ നടക്കുന്ന ആനമതില്‍ നിര്‍മാണ പുരോഗതിയും മന്ത്രി വിലയിരുത്തി.

ആറളം ഫാം കോർപ്പറേഷൻ എം.ഡി.യും സബ് കളക്ടറുമായ രവി മീണ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ എസ്. എസ്. സുധീർ, അഡ്മിനിസ്ട്രേഷൻ ഓഫീസർ ഡോ. കെ. പി. നിധീഷ് കുമാർ, ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ കെ. എൻ. മൃദുല, തൊഴിലാളി പ്രതിനിധികൾ, മന്ത്രിയുടെ പൈവറ്റ് സെക്രട്ടറി എം എസ് ഇർഷാദ്, അസിസറ്റൻ്റ് പ്രൈറ്റ് സെക്രട്ടറി അനിൽ കുമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.