മലബാർ റിവർ ഫെസ്റ്റിവൽ ഓഫ് റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ടും ആവേശമായി
പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് കോടഞ്ചേരിയിലും കൊടിയത്തൂരിലും സംഘടിപ്പിച്ച ഓഫ് റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ട് മത്സരവും വൻ വിജയമായി
മലബാർ റിവർ ഫെസ്റ്റിവൽ: ആവേശക്കടലായി ഓഫ്-റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ടും
കോഴിക്കോട്: പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടന്ന ഓഫ്-റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ട് മത്സരവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാന ടൂറിസം വകുപ്പ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി.ടി.പി.സി, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടന്ന ഓഫ്-റോഡ് ഫൺ റൈഡ് ഏറെ ആവേശകരമായിരുന്നു. സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ചെളിയും വെള്ളവും നിറഞ്ഞ ട്രാക്കിലൂടെയുള്ള വാഹനങ്ങളുടെ സാഹസിക കുതിപ്പ് കാണാൻ നിരവധി പേരാണ് എത്തിയത്. കോടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
സൗത്ത് കൊടിയത്തൂരിൽ നടന്ന വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും മറ്റൊരു പ്രധാന ആകർഷണമായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോർ വീൽ വാഹനങ്ങളുടെ സാഹസിക യാത്രയിൽ പങ്കാളിയായി എം.എൽ.എയും ജീപ്പുമായി ട്രാക്കിലിറങ്ങിയത് കാണികൾക്ക് നവ്യാനുഭവമായി.